Home » Top News » Top News » വൈവിധ്യമാർന്ന മത്സ്യ ഉത്പന്നങ്ങളുമായി മത്സ്യഫെഡിന്റേയും സാഫിന്റേയും സ്റ്റാളുകൾ
images - 2025-11-17T173215.533

രൂചിയേറും മത്സ്യ ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി സന്ദർശകരെ ആകർഷിക്കുകയാണ് അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയനിലെ മത്സ്യഫെഡിന്റെയും സാഫിന്റെയും സ്റ്റാളുകൾ. അന്താരാഷ്ട്ര വ്യാപാര മേളയിലെ നാലാം നമ്പർ ഹാളിലാണ് കേരളത്തിന്റെ പവലിയൻ.

മത്സ്യങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങളാണ് മത്സ്യഫെഡ് സ്റ്റാളിന്റെ സവിശേഷത. ചൂര, കേര, ചെമ്മീൻ അച്ചാറുകൾ, ചെമ്മീൻ റോസ്റ്റ് , ചെമ്മീൻ ചമ്മന്തിപ്പൊടി എന്നിവ ലഭ്യമാണ്. മീൻ പൊരിക്കാനുള്ള മസാല, കറിവയ്ക്കാനുള്ള ഇൻസ്റ്റന്റ് കറി മിക്സ് എന്നിവയും കിട്ടും. ഒരു കിലോ മീൻ പാചകം ചെയ്യാൻ ഇതിലൊരു പാക്കറ്റ് മതിയാകും. ചെമ്മീൻ തോടിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കൈറ്റോൺ ഫുഡ് സപ്ലിമെന്റ് വിൽപ്പനയ്ക്കുണ്ട്. എട്ടാം നമ്പർ സ്റ്റാളിലാണ് മത്സ്യഫെഡ് പ്രവർത്തിക്കുന്നത്. മീനിൽനിന്ന് ഉത്പാദിപ്പിക്കുന്ന വളവും ലഭ്യമാണ്.

മത്സ്യബന്ധന മേഖലയിലെ വനിതകളുടെ സംഘമായ സാഫിന് 10,600 സൊസൈറ്റികൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. ശുചിത്വമുള്ളതും ഉപ്പിന്റ അളവ് കുറവുള്ളതായ ഉണക്കമീനുകളുടെ വിപുലമായ ശേഖരമാണ് സാഫ് വിൽപനയ്‌ക്കെത്തിച്ചിരിക്കുന്നത്. സോളാർ ഡ്രൈയറിലാണ് മീനുകൾ ഉണക്കിയെടുക്കുന്നത്. മസാല ചേർത്ത ചെമ്മീൻ റോസ്റ്റ്, ഓർഗാനിക് കറി മസാല എന്നിവയും ഇവിടെനിന്ന് നല്ല രീതിയിൽ വിറ്റഴിയുന്നു. കേര, കക്ക, ചെമ്മീൻ എന്നിവയുടെ അച്ചാറുകൾ ലഭ്യമാണ്. സാഫിന്റെ വയനാട് യൂണിറ്റ് ഉത്പാദിപ്പിച്ച ചാർക്കോൾ പൽപ്പൊടിയാണ് സ്റ്റാളിലെ മറ്റൊരു ആകർഷണം. തുളസി, ഗ്രാമ്പൂ, പേര ഇല, മാവില, മഞ്ഞൾ, കുരുമുളക്, ഏലക്ക എന്നിവയുടെ ഫ്ളേവറിലുള്ള പൽപ്പൊടികളുണ്ട്. ഇടുക്കി യൂണിറ്റ് തയ്യാറകാക്കിയ സുഗന്ധവ്യഞ്ജനങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും എത്തിച്ചിട്ടുണ്ട്. ശർക്കരയും തേങ്ങയും തേനും ചേർത്തുണ്ടാക്കിയ മലബാർ ബിന്ധിയ ആരുടെയും നാവിൽ വെള്ളമൂറിക്കും. മലബാറിന്റെ തനതു മധുരം നുകരാനുള്ള അവസരം സന്ദർശകർ പാഴാക്കുന്നില്ല. പരമ്പാരഗത രീതിയിൽ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയും ഇവിടെനിന്ന് വാങ്ങാനാവും. സ്റ്റാൾ നമ്പർ 25 ലാണ് സാഫിന്റെ സാന്നിധ്യം.

Leave a Reply

Your email address will not be published. Required fields are marked *