തിരുവനന്തപുരം: വിവാദ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമർശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. ഒരാളെയും തിരുത്താനാകില്ല എന്നും വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ് എന്നും ഗണേഷ്കുമാർ വിമർശിച്ചു. ജാതി ചോദിക്കുകയും പറയുകയും ചെയ്യരുത് എന്ന് പറഞ്ഞ ഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത് എന്നും ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.
ഒരാളും ഇങ്ങനെയൊന്നും പറയാൻ പാടില്ല എന്നും ഗണേഷ്കുമാർ പറഞ്ഞു. ‘ ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുൻപ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണത്. അദ്ദേഹമിരുന്ന കസേരയിലാണ് ഇരിക്കുന്നത് എന്ന് ഓർമിച്ചാൽ മതി. മറ്റൊന്നും പറയാനില്ല. ലോകത്ത് ആരെയും തിരുത്താനാകില്ല. സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനം. അവനവനാണ് വകതിരിവ് കാണിക്കേണ്ടത്’; എന്ന് ഗണേഷ്കുമാർ പറഞ്ഞു.മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭിക്കുന്നില്ല എന്ന ആരോപണത്തെ ചോദ്യം ചെയ്തതത് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചിരുന്നു. ഇതാണ് തീവ്രവാദി എന്ന് വിളിക്കാനുണ്ടായ കാരണം. പിന്നാലെ താൻ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
