ആദിത്യ ധർ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘ധുരന്ധറിന്’ ലഭിച്ച വിജയത്തിന് നന്ദി അറിയിച്ച് നടി സാറാ അർജുൻ. സോഷ്യൽ മീഡിയയിലൂടെയാണ് സാറ തന്റെ സന്തോഷം പങ്കുവെച്ചത്. തനിക്ക് ലഭിച്ച സ്നേഹവും പ്രോത്സാഹനവും കരുതലും കാണുമ്പോൾ കണ്ണ് നനയുന്നുണ്ടെന്നും പ്രേക്ഷകരോട് താൻ എന്നെന്നും കടപ്പെട്ടിരിക്കുമെന്നും താരം കുറിച്ചു. ഞാൻ എന്റെ യാത്ര തുടങ്ങുന്നതേയുള്ളൂ. ഞാൻ ഭാഗമായ ഒരു സിനിമയ്ക്കും ഞാൻ ചെയ്യാൻ ശ്രമിക്കുന്ന ജോലിക്കും ഇത്ര നേരത്തെ തന്നെ വലിയ പ്രോത്സാഹനം ലഭിക്കുന്നത് വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്. പ്രേക്ഷകർ നൽകിയ ഓരോ പിന്തുണയും താൻ ശ്രദ്ധിക്കുന്നുണ്ടെന്നും അത് തനിക്ക് വലിയ കരുത്ത് നൽകുന്നുണ്ടെന്ന് താരം പറഞ്ഞു. ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തോടൊപ്പം സാറ അവതരിപ്പിച്ച ‘യാലിന ജമാലി’ എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
ദൈർഘ്യമേറിയ കഥപറച്ചിലിന് പ്രസക്തിയില്ലെന്ന ധാരണകളെ പ്രേക്ഷകർ തിരുത്തി. ആത്മാർത്ഥമായി വിശ്വസിക്കുന്ന ഒരു ലക്ഷ്യത്തിനായി ആളുകൾ ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന മാറ്റം ‘ധുരന്ധറി’ലൂടെ കാണാനായി. സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കലാകാരന്മാർക്കും നിർമ്മാതാക്കൾക്കും കഴിഞ്ഞേക്കാം, എന്നാൽ സിനിമയുടെ വിജയവും പ്രേക്ഷകരുടെ പ്രതികരണവും ആർക്കും നിയന്ത്രിക്കാനാവില്ല. അതാണ് കലയുടെ യഥാർത്ഥ സൗന്ദര്യമെന്ന് സാറ ചൂണ്ടിക്കാട്ടി.
ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രം ഡിസംബർ 5 നാണ് പുറത്തിറങ്ങിയത്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷനുമായി ഇതിനകം 1000 കോടി കടന്നിട്ടുണ്ട്. രൺവീർ സിംഗ് പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആർ മാധവൻ, രാകേഷ് ബേദി എന്നിവരും അഭിനയിക്കുന്നു. ജിയോ സ്റ്റുഡിയോയിലെ ജ്യോതി ദേശ്പാണ്ഡെയ്ക്കൊപ്പം ബി62 സ്റ്റുഡിയോസിന്റെ ബാനറിൽ ധറും സഹോദരൻ ലോകേഷ് ധറും ചേർന്നാണ് ഇത് നിർമിച്ചത്.
