വനിതാ ഏകദിന ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. ബിസിസിഐയും സംസ്ഥാന സർക്കാരുകളും കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വകാര്യ ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും വരാനിടയുള്ള വ്യാജ വാഗ്ദാനങ്ങൾക്കെതിരെ ഗവാസ്കർ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
ബിസിസിഐ 51 കോടി രൂപയാണ് ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിനുപുറമെ വിവിധ സംസ്ഥാന അസോസിയേഷനുകളും വലിയ തുകകൾ താരങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ സ്വകാര്യ ഏജൻസികളും ബ്രാൻഡുകളും പരസ്യക്കമ്പനികളും താരങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകാൻ സാധ്യതയുണ്ടെന്ന് ഗവാസ്കർ പറഞ്ഞു.
“അവർ നിങ്ങളുടെ പേര് അവരുടെ പരസ്യത്തിനായി ഉപയോഗിക്കും. പലതും വാഗ്ദാനം ചെയ്യും. എന്നാൽ അതൊന്നും ലഭിക്കണമെന്നില്ല. 1983-ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ അനുഭവം വെച്ചാണ് താനിത് പറയുന്നതെന്നും” അദ്ദേഹം വ്യക്തമാക്കി.
പാരിതോഷികം പ്രഖ്യാപിക്കുന്നവരുടെ ലക്ഷ്യം അവരുടെ പബ്ലിസിറ്റിയും ബ്രാൻഡിന്റെ പരസ്യവും മാത്രമാണ്. ഇന്ത്യക്ക് ലോകകിരീടം സമ്മാനിച്ച താരങ്ങളെ ആദരിക്കുകയല്ല അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ, ടീമിന്റെയോ കളിക്കാരുടെ വ്യക്തിഗത സ്പോൺസർമാരുടെയോ അല്ലാത്ത വാഗ്ദാനങ്ങളിൽ കളിക്കാർ വീണുപോവരുതെന്ന് ഗവാസ്കർ ആവശ്യപ്പെട്ടു.
1983 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിനും ഇത്തരത്തിൽ പല വാഗ്ദാനങ്ങളും ലഭിച്ചിരുന്നു. ഇത് മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്നാൽ, പാരിതോഷികം പ്രഖ്യാപിച്ച പലരും അത് നൽകിയില്ല. “ഇക്കാര്യത്തിൽ മാധ്യമങ്ങളെ കുറ്റം പറയാനാവില്ല, കാരണം നാണമില്ലാത്ത ഈ ആളുകൾ അവരെ ഉപയോഗിക്കുകയാണെന്ന് മാധ്യമങ്ങളും തിരിച്ചറിയുന്നില്ല. അതുകൊണ്ട് തന്നെ ലോകകപ്പ് കിരീടം നേടിയ വനിതാ ടീമിനോട് ഒന്നേ പറയാനുള്ളു, ഒരിക്കലും ഈ നാണമില്ലാത്തവരുടെ ചതിക്കുഴികളിൽ വീണുപോവരുത്,” ഗവാസ്കർ കൂട്ടിച്ചേർത്തു.
