ഐക്കണിക്ക് അമേരിക്കൻ ടൂവീലർ ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ ഇന്ത്യയിൽ പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കമ്പനി അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന ഹാർലി-ഡേവിഡ്‌സൺ X440 T എന്ന മോഡലിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടു. പുതിയതും സ്റ്റൈലിഷുമായ ലുക്കോടെയാണ് X440 T വിപണിയിലെത്തുക. മുൻ മോഡലായ X440 യെ അപേക്ഷിച്ച് കൂടുതൽ കോണീയമായ രൂപകൽപ്പനയാണ് പുതിയ ബൈക്കിനുള്ളത്.
X440 T യുടെ പിൻഭാഗം പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ബൈക്കിൻ്റെ ‘സ്വേ ബാറുകളും’ മിററുകളും ചെറുതായി പരിഷ്‌ക്കരിക്കുകയും പുതിയ ലുക്ക് നൽകുന്നതിനായി നിറം മാറ്റുകയും ചെയ്തിട്ടുണ്ട്. എങ്കിലും, അടിസ്ഥാനപരമായി ബൈക്ക് ഇപ്പോഴും X440 ൻ്റെ രൂപഭംഗി നിലനിർത്തുന്നുണ്ട്.
ഈ പുതിയ ഹാർലി-ഡേവിഡ്‌സൺ ബൈക്ക് മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിപണിയിലെത്തുന്നത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 440 സിസി ഓയിൽ-കൂൾഡ് എഞ്ചിൻ തന്നെയാണ് X440 T യുടെയും കരുത്ത്. ഈ മോട്ടോർസൈക്കിൾ 35 കിലോമീറ്റർ ഇന്ധനക്ഷമത അവകാശപ്പെടുന്നു. കൂടാതെ 13.5 ലിറ്റർ ഇന്ധനം വരെ ഇതിൽ ഉൾക്കൊള്ളാൻ സാധിക്കും. വരാനിരിക്കുന്ന മോഡലിൽ റൈഡിംഗ് മോഡുകൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, സ്വിച്ചബിൾ എബിഎസ് (ABS) തുടങ്ങിയ പുതിയ സവിശേഷതകൾ അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഹാർലി-ഡേവിഡ്‌സൺ X440 T ഇതുവരെ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും ഉടൻ എത്തും. നിലവിലെ X440 ൻ്റെ ഡൽഹിയിലെ എക്‌സ്‌ഷോറൂം വില 2,39,500 രൂപയിൽ ആരംഭിച്ച് 2,79,500 രൂപ വരെ ഉയരുന്നുണ്ട്. പുതിയ മോഡലിൻ്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹീറോയുടെ പ്രീമിയം ഡീലർഷിപ്പുകൾ വഴിയാണ് നിലവിലെ X440 വിൽക്കുന്നത് എന്നതിനാൽ, പുതിയ മോഡലും ഇതേ ഔട്ട്‌ലെറ്റുകൾ വഴി ലഭ്യമാകും.
