ടൂറിസ്റ്റ് ബസ് മറയാക്കി സംസ്ഥാനത്തേക്ക് മാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ. (MDMA) കടത്താനുള്ള ശ്രമം വയനാട് പോലീസിന്റെ അതിവിദഗ്ധ നീക്കത്തിൽ പൊളിഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ കടത്തിക്കൊണ്ടുവന്ന 245 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ വയനാട് പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം ജില്ലക്കാരായ ഏറനാട് പറമ്പിൽത്തൊടി വീട്ടിൽ സൽമാനുൽ ഫാരിസ് (28), മൊറയൂർ ഉണ്ണിയേരിക്കുന്ന് വീട്ടിൽ റബീൽ നിയാസ് (30) എന്നിവരാണ് പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിവസ്തുവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ജില്ലാ ലഹരി വിരുദ്ധ സേനയും (ഡാൻസാഫ്), മാനന്തവാടി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
