ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നു. ആഭ്യന്തര ടി20 ടൂർണമെൻ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, ബറോഡയ്ക്ക് വേണ്ടിയായിരിക്കും ഹാർദ്ദിക് കളിക്കുക.
നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (ദേശീയ ക്രിക്കറ്റ് എക്സലൻസ് സെന്ററിൽ) പരിശീലനത്തിലുള്ള ഹാർദ്ദിക്, പൂർണ്ണമായും മത്സരക്ഷമത വീണ്ടെടുത്തുവെന്നാണ് സൂചന. ഈ മാസം 26-നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ബറോഡ ഹൈദരാബാദിനെയാണ് നേരിടുന്നത്.
ഹാർദ്ദിക്കിന് ആദ്യ മത്സരത്തിൽ കളിക്കാനായില്ലെങ്കിൽ, രണ്ടാമത്തെ മത്സരത്തിലെങ്കിലും പാണ്ഡ്യ കളിക്കുമെന്നാണ് പ്രതീക്ഷ. നവംബർ 30-ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ ഹാർദ്ദിക്കിനെ പരിഗണിക്കണമെങ്കിൽ, അതിനുമുമ്പ് ആഭ്യന്തര ടൂർണമെന്റിലൂടെ താരം തൻ്റെ ഫിറ്റ്നസ്സും മത്സരക്ഷമതയും തെളിയിക്കേണ്ടതുണ്ട്. ഇന്ത്യൻ ടീമിലേക്കുള്ള അദ്ദേഹത്തിൻ്റെ തിരിച്ചുവരവിൻ്റെ നിർണായക ചുവടുവയ്പ്പായിരിക്കും ഈ പ്രകടനം.
