രണ്ടു തവണ പലിശനിരക്ക് നിലനിർത്തിയ ശേഷം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പണനയ സമിതി (എംപിസി) ഇത്തവണ അടിസ്ഥാന പലിശനിരക്കിൽ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി കുറഞ്ഞു.
വായ്പയെടുത്തവർക്ക് ആശ്വാസകരമാകുന്ന ഈ തീരുമാനം അടുത്ത രണ്ട് മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളിൽ കുറവുണ്ടാക്കാൻ കാരണമാകും. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുകയോ അല്ലെങ്കിൽ തിരിച്ചടവ് കാലയളവ് കുറയുകയോ ചെയ്യും.
നിക്ഷേപകർ അറിയാൻ
വായ്പകളുടെ പലിശ കുറയുന്നതിനനുസരിച്ച് പുതിയ സ്ഥിരനിക്ഷേപങ്ങളുടെ (ഫിക്സ്ഡ് ഡിപ്പോസിറ്റ്) പലിശയും ഇതിന് ആനുപാതികമായി കുറഞ്ഞേക്കാം. പുതിയ നിക്ഷേപങ്ങൾക്കോ നിലവിലുള്ള നിക്ഷേപങ്ങളുടെ കാലാവധി തീരുമ്പോൾ പുതുക്കുകയോ ചെയ്യുമ്പോഴാണ് കുറഞ്ഞ പലിശനിരക്ക് ബാധകമാകുന്നത്.
ഏകകണ്ഠമായ തീരുമാനം, ന്യൂട്രൽ സ്റ്റാൻസ് തുടരും
പലിശനിരക്ക് കുറയ്ക്കാനുള്ള ആറ് അംഗ എംപിസി സമിതിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. 2025 ഫെബ്രുവരി, ഏപ്രിൽ, ജൂൺ മാസങ്ങളിലെ യോഗങ്ങളിലായി ആകെ ഒരു ശതമാനം പലിശയാണ് കുറച്ചത്. സാഹചര്യങ്ങൾക്കനുസരിച്ച് പലിശ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ സമിതിക്ക് സ്വാതന്ത്ര്യം നൽകുന്ന ‘ന്യൂട്രൽ സ്റ്റാൻസ്’ തുടരാനും തീരുമാനിച്ചു.
ആകാംക്ഷയ്ക്ക് വിരാമം: തീരുമാനത്തിലേക്ക് നയിച്ച ഘടകങ്ങൾ
പലിശനിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കാൻ എംപിസിക്ക് ഇത്തവണ പ്രയാസമായിരിക്കുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗം കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടത്.
കുറഞ്ഞ വിലക്കയറ്റം: ഒക്ടോബറിലെ വിലക്കയറ്റത്തോത് 10 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 0.25 ശതമാനമായിരുന്നു. വിലക്കയറ്റം കുറയുമ്പോൾ സാധാരണയായി പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും.
മെച്ചപ്പെട്ട വളർച്ച: എന്നാൽ, രണ്ടാം പാദത്തിലെ സാമ്പത്തിക വളർച്ചാ നിരക്ക് മികച്ചതായിരുന്നു. ഉയർന്ന സാമ്പത്തിക വളർച്ചയുണ്ടാകുമ്പോൾ പൊതുവേ പലിശനിരക്ക് കുറയ്ക്കേണ്ട സാഹചര്യമില്ല.
ഇത്തരത്തിൽ വിപരീത സ്വഭാവത്തിലുള്ള സൂചനകൾ നിലനിന്ന സാഹചര്യത്തിലാണ് എംപിസിയുടെ ഇന്നത്തെ തീരുമാനം വന്നത്. അടുത്ത എംപിസി യോഗം 2026 ഫെബ്രുവരി 4 മുതൽ 6 തീയതികളിലാണ് ചേരുക.
