റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി സെമിനാറുകൾ സംഘടിപ്പിച്ചാൽ മതിയാകില്ലെന്നും ഉദ്യോഗസ്ഥർക്കും ഡ്രൈവർമാർക്കും പ്രായോഗിക പരിശീലനം നൽകുന്നതാണ് പ്രധാനമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടൽ സിംഫണി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
റോഡപകടങ്ങൾ കുറച്ച് കൊണ്ടുവരികയും ഇത്തരം അപകടങ്ങളിൽ മരണങ്ങൾ ഒഴിവാക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് തീവ്ര പരിശീലന പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ട്. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവരെ മാസ്റ്റർ ട്രെയിനർമാരായി നിയമിച്ചു കൊണ്ട് മറ്റ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പോലീസിനും ഇത്തരത്തിൽ ട്രെയിനിങ് ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ലൈസൻസ് എടുത്തു പുറത്തിറങ്ങുന്നവർക്ക് വണ്ടി ഓടിക്കാൻ അറിയാമോ എന്ന് ഉറപ്പുവരുത്താൻ ആർ.ടി.ഒമാർ നേരിട്ട് പരിശോധിക്കുന്ന ‘സൂപ്പർ ചെക്ക്’ സംവിധാനം ഏർപ്പെടുത്തണം. ഡ്രൈവിംഗ് സ്‌കൂളുകൾ സിമുലേറ്ററുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച പരിശീലനം നൽകണമെന്നും കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളുകൾ ഇത്തരത്തിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തെറ്റായ രീതിയിൽ രേഖപ്പെടുത്തിയ സീബ്രാ ലൈനുകൾ മാറ്റി സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കുഞ്ഞുങ്ങളിൽ റോഡ് സുരക്ഷാ ബോധം വളർത്താനായി ആനിമേറ്റഡ് വീഡിയോകൾ ഉൾപ്പടെ ഉപയോഗിച്ചു പ്രചാരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഐ.ഐ.ടി മദ്രാസിൽ നിന്നുള്ള പ്രതിനിധി ഡോ. റോഷൻ ജോസ് ബ്ലാക്ക് സ്‌പോട്ട് റിഡക്ഷൻ പ്രോഗ്രാമിനെക്കുറിച്ച് വിശദമായ അവതരണം നടത്തി. റോഡ് സുരക്ഷാ രംഗത്തെ മികച്ച സേവനങ്ങൾക്കും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണ പരിഗണിച്ച് മലയാള മനോരമയ്ക്കുള്ള പുരസ്‌കാരം ചീഫ് ജനറൽ മാനേജർ (പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേഷൻ) എഡ്വിൻ വിനോദ് ജയിംസ് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. കോർപ്പറേറ്റ് തലത്തിൽ റോഡ് സുരക്ഷാ നയങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയതിന് വോഡഫോൺ ഐഡിയക്ക് ലഭിച്ച അംഗീകാരം കേരള ഹെഡ് ജോർജ് ബി. എച്ച്. ഏറ്റുവാങ്ങി. ഇതോടൊപ്പം എൻ.ഐ.സി. ഉദ്യോഗസ്ഥർ, ശബരിമല സേഫ് സോൺ പ്രവർത്തനങ്ങളിൽ മികവ് കാട്ടിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷാ വിദഗ്ധർ തുടങ്ങിയവരെയും മന്ത്രി ആദരിച്ചു.
ചടങ്ങിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം സ്വാഗതം ആശംസിച്ചു. കൗൺസിലർ കെ .ആർ. ക്ലീറ്റസ്, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഡോ. പ്രമോജ് ശങ്കർ, സ്മാർട്ട് സിറ്റി സി.ഇ.ഒ. രാഹുൽ കൃഷ്ണ ശർമ്മ, കെ.ആർ.എസ്.എ റോഡ് യൂസർ സേഫ്റ്റി ഡയറക്ടർ കലാ പി. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
