‘റോഡ് മുറിച്ചു കടക്കുന്നതിനുള്ള പ്രയാസം മാറിയല്ലോ? സീബ്രാ ലൈനും ആയിട്ടുണ്ടല്ലോ?’ എന്ന് ശിഖയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി തിരക്കി. സന്തോഷത്തോടെ അതേ എന്നായിരുന്നു ഒൻപതാം ക്ലാസ്സുകാരി ശിഖയുടെ മറുപടി. സ്കൂളിന് മുന്നിലെ തിരക്കേറിയ റോഡിലെ സുരക്ഷാ പ്രശ്നങ്ങളും അത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കണ്ണൂർ കമ്പിൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ശിഖ വിജിത്ത് സി എം വിത്ത് മീയിലേക്ക് വിളിച്ചത്. ശിഖയുടെ പരാതിയിൽ അതിവേഗം നടപടി സ്വീകരിച്ചു. ഈ വിവരം ശിഖയുമായി നേരിട്ട് പങ്ക് വയ്ക്കാനാണ് മുഖ്യമന്ത്രി വിളിച്ചത്.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് റോഡിൽ സീബ്രാ ലൈൻ മാർക്ക് ചെയ്യുകയും, തിരക്കേറിയ സമയങ്ങളിൽ പോലിസ് സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വേഗത്തിൽ നടപടിയെടുത്തതിലുള്ള സന്തോഷവും നന്ദിയും ശിഖ മുഖ്യമന്ത്രിയെ അറിയിച്ചു.
ചൊവ്വാഴ്ച വെകുന്നേരം 6 ന് ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സി എം വിത്ത് മീ) പദ്ധതിയുടെ വെള്ളയമ്പലത്തുള്ള സിറ്റിസൺ കണക്ട് സെന്റർ സന്ദർശിച്ച് പരാതിക്കാരെ നേരിട്ട് ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പരാതികളിന്മേൽ വേഗത്തിൽ ആശ്വാസ നടപടികൾ സ്വീകരിച്ചതിലും, വിവരങ്ങൾ നേരിട്ട് തിരക്കിയതിലും മുഖ്യമന്ത്രിയോട് നന്ദിയും സന്തോഷവും പരാതിക്കാർ പങ്കുവച്ചു.
