Home » Blog » Kerala » റീഫണ്ട് 610 കോടി രൂപ കടന്നു;ഇൻഡിഗോ വിമാന സർവീസുകൾ സാധാരണനിലയിലേക്ക്
indigo-airlies

ഒരാഴ്ചയോളം നീണ്ട പ്രതിസന്ധികൾക്കുശേഷം ഇൻഡിഗോ വിമാനസർവീസുകൾ സാധാരണനിലയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. തങ്ങളുടെ വിമാനസർവീസുകളിൽ ഭൂരിഭാഗവും പുനഃസ്ഥാപിച്ചതായും ഞായറാഴ്ച 1650-ലേറെ സർവീസുകൾ നടത്തുമെന്നും ഇൻഡിഗോ അറിയിച്ചു. കഴിഞ്ഞദിവസം 1500-ലേറെ സർവീസുകൾ നടത്തിയിരുന്നു. ഡിസംബർ പത്താം തീയതിയോടെ സർവീസുകൾ പൂർണമായും സാധാരണനിലയിലാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ദിവസേന ഏകദേശം 2300 വിമാനസർവീസുകളാണ് ഇൻഡിഗോ സാധാരണഗതിയിൽ നടത്താറ്. വെള്ളിയാഴ്ച 706 വിമാനസർവീസുകൾ മാത്രമാണ് നടത്താനായത്. ശനിയാഴ്ച ഇത് 1565 ആയി ഉയർന്നു. ഞായറാഴ്ച 1650 ഓളം സർവീസുകൾ നടത്താനാകുമെന്നാണ് ഇൻഡിഗോയുടെ അവകാശവാദം.

610 കോടി രൂപ റീഫണ്ട് നൽകി; ‘ഓൺടൈം പെർഫോമൻസ്’ മെച്ചപ്പെട്ടു

വിമാനസർവീസുകൾ തടസ്സപ്പെട്ട സംഭവത്തിൽ ഇൻഡിഗോ ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. റീഫണ്ട് നടപടികളും ബാഗേജ് തിരികെനൽകാനുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കാനായി 24 മണിക്കൂറും ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഇൻഡിഗോ വ്യക്തമാക്കി.

ഇൻഡിഗോയുടെ ‘ഓൺടൈം പെർഫോമൻസ്’ (കൃത്യസമയത്തുള്ള സേവനം) ഇന്ന് 75 ശതമാനമാണെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞദിവസം ഇത് 30 ശതമാനം മാത്രമായിരുന്നു. ഡിസംബർ 15 വരെയുള്ള എല്ലാ ബുക്കിങ്ങുകളും റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുകയാണെങ്കിൽ പൂർണമായ ഇളവ് നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പൈലറ്റുമാരുടെ ക്ഷാമം പ്രതിസന്ധിയായി; സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പൈലറ്റുമാരുടെ വിശ്രമം ഉറപ്പാക്കാനുള്ള പുതിയ ‘ക്രൂ ഡ്യൂട്ടി ടൈം’ ചട്ടം (Flight Duty Time Limitation – FDTL) നടപ്പാക്കിയതോടെയാണ് ഇൻഡിഗോയ്ക്ക് പ്രതിസന്ധി ഉടലെടുത്തത്. പൈലറ്റുമാരുടെ ക്ഷാമം നേരിട്ടത് രാജ്യവ്യാപകമായി ആയിരക്കണക്കിന് സർവീസുകൾ റദ്ദാക്കാനും മണിക്കൂറുകളോളം വൈകാനും കാരണമായി. സർവീസുകൾ താളംതെറ്റിയതോടെ യാത്രക്കാർ വലഞ്ഞു.

അതേസമയം, പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ചുള്ള പുതിയ ചട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവരുത്തിയതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ (DGCA) ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.