സംസ്ഥാനത്ത് ഇന്നലെ (ജനുവരി 12) നടന്ന മൂന്ന് തദ്ദേശസ്വയംഭരണ വാർഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യുഡിഎഫ് രണ്ടും എൽഡിഎഫ് ഒന്നും വാർഡുകളിൽ വിജയിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ എച്ച് സുധീർഖാൻ (ഐഎൻസി) 83 വോട്ടുകൾക്കും മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കൊരമ്പയിൽ സുബൈദ (ഐയുഎംഎൽ) 222 വോട്ടുകൾക്കും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിബി രാജീവ് (സിപിഎം) 221 വോട്ടുകൾക്കുമാണ് വിജയിച്ചത്.
ഡിസംബർ 9-ാം തീയതിയിലെ പൊതു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ മരണംമൂലം മാറ്റിവച്ച വാർഡുകളിലേയ്ക്കാണ് ഇന്നലെ പ്രത്യേക തിരഞ്ഞെടുപ്പ് നടത്തിയത്. ഈ മൂന്ന് വാർഡുകളിലെയും തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവ് ഫെബ്രുവരി 11 നകം അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം.
