പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്ത സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ നായകനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. രഞ്ജി ട്രോഫിയിൽ ദീർഘ സ്പെല്ലുകൾ എറിഞ്ഞും വിക്കറ്റുകൾ വീഴ്ത്തിയും ഷമി ഫോമും കായികക്ഷമതയും തെളിയിച്ചിട്ടും താരത്തെ പുറത്തുനിർത്തുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു.
കൊൽക്കത്തയിൽ ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഷമി അസാമാന്യ ബൗളറാണെന്ന് എല്ലാവർക്കുമറിയാം. കഴിഞ്ഞ രണ്ടോ മൂന്നോ രഞ്ജി മത്സരങ്ങളിൽ ബംഗാളിനെ സ്വന്തം നിലയ്ക്ക് ജയിപ്പിക്കാൻ ഷമിക്കായി. ഫോമും ഫിറ്റ്നസും നോക്കിയാൽ ഷമിയെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളിൽ നിന്ന് പുറത്തുനിർത്താനുള്ള കാരണങ്ങളൊന്നും ഞാൻ കാണുന്നില്ല. കാരണം, അവൻ അത്രമാത്രം പ്രതിഭാധനനാണ്,” ഗാംഗുലി വ്യക്തമാക്കി.
ഫിറ്റ്നസ് വാദങ്ങൾ തള്ളി ഗാംഗുലി
മുമ്പ് ഇംഗ്ലണ്ടിനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ഉള്ള ടെസ്റ്റ് പരമ്പരകൾക്കുള്ള ടീമിൽ നിന്ന് സെലക്ടർമാർ ഷമിയെ ഒഴിവാക്കിയിരുന്നു. ഷമിക്ക് ഫിറ്റ്നസില്ലെന്നായിരുന്നു ചീഫ് സെലക്ടർ അജിത് അഗാർക്കർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ, ബംഗാളിനായി രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ ഷമി, ആദ്യ രണ്ട് മത്സരങ്ങളിൽ 15 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെക്കുകയും ദീർഘ സ്പെല്ലുകൾ എറിഞ്ഞ് കായികക്ഷമത തെളിയിക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതിൻ്റെ പേരിൽ ഷമി സെലക്ടർമാർക്കെതിരെ രൂക്ഷമായ ഭാഷയിൽ നേരത്തെ പ്രതികരിക്കുകയും ചെയ്തിരുന്നു.
