Home » Blog » Kerala » മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസ്; വിധി ഇന്ന് എറണാകുളം കോടതിയിൽ
Dileep-3

ലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കുന്നത്. നടൻ ദിലീപ് ഉൾപ്പെടെ 10 പേരാണ് ഈ കേസിൽ പ്രതികളായുള്ളത്. ഒന്നാം പ്രതി പൾസർ സുനിയാണ്. 2017 ഫെബ്രുവരിയിൽ കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ കേസിലാണ് ഏഴ് വർഷത്തിലധികം നീണ്ട വിചാരണ നടപടികൾക്ക് ശേഷം വിധി വരുന്നത്. വ്യക്തിവിരോധം തീർക്കാൻ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതാണ് ദിലീപിനെതിരായ പ്രധാന ആരോപണം. എന്നാൽ, കേസിൽ തന്നെ കുടുക്കിയതാണെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെന്നുമാണ് ദിലീപിന്റെ ഭാഗം.

അതേസമയം നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസം, 2017 ഫെബ്രുവരി 22-ന് രാവിലെ 09.22 ന്, നടൻ ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശം അയച്ചതായാണ് വിവരം. തെറ്റ് ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് ദിലീപ് സന്ദേശത്തിൽ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഇദ്ദേഹം സന്ദേശങ്ങൾ അയച്ചിരുന്നു. അന്വേഷണം തന്നിലേക്ക് നീളുമെന്ന് ഭയന്നാണ് ദിലീപ് ഈ സന്ദേശങ്ങൾ അയച്ചതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. വീണ്ടെടുത്ത ഈ സന്ദേശം പ്രോസിക്യൂഷൻ കോടതിയിൽ തെളിവായി ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.