മകൾക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്യാറില്ലെന്ന് തുറന്ന് പറഞ്ഞത് നടി ശ്വേത മേനോൻ. ഒരു അഭിമുഖത്തിലാണ് മകൾക്കുവേണ്ടി പണം നിക്ഷേപിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് തുറന്നു പറഞ്ഞത്. മക്കൾക്ക് നൽകാൻ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും മാത്രമാണ്. അല്ലാതെ അവർക്ക് വേണ്ടി പണം നീക്കിവെച്ചോ നിക്ഷേപിച്ചോ തൻ്റെ ജീവിതം കളയാൻ ആഗ്രഹിക്കുന്നില്ലെന്നും ശ്വേത വ്യക്തമാക്കി. മക്കൾക്കുവേണ്ടി സമ്പാദിക്കുന്നത് ഒരു വലിയ തെറ്റാണെന്നും, ജീവിതത്തിൽ അവർ സ്വന്തമായി ഉയർന്നു വരണം എന്നുമാണ് തൻ്റെ നിലപാടെന്നും അവർ കൂട്ടിച്ചേർത്തു.
“ഞാൻ എൻ്റെ മകൾക്ക് വേണ്ടി ജീവിക്കില്ല, ഒന്നും ഇൻവെസ്റ്റ് ചെയ്യുന്നില്ല. അവൾക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള കഴിവുണ്ട്” എന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഒരു അമ്മ എന്ന നിലയിൽ നല്ല വിദ്യാഭ്യാസവും ആരോഗ്യവും നൽകുക എന്നതാണ് തൻ്റെ കടമ. അതിനുശേഷം അവൾ സ്വന്തമായി അവളുടെ ഭാവി കണ്ടെത്തണം. മകൾക്ക് വേണ്ടി ഭൗതികമായ വസ്തുക്കൾ വാങ്ങുന്നതിന് പകരം, നല്ല ഓർമ്മകൾക്കായി യാത്രകൾ നൽകാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സ്വന്തം അച്ഛൻ തന്നോട് സ്വീകരിച്ച അതേ നിലപാടാണ് താനും അറിയാതെ പിന്തുടരുന്നതെന്നും അവർ പറഞ്ഞു.
മാതാപിതാക്കൾ ആദ്യം സ്വന്തം ജീവിതം ജീവിക്കാൻ ശ്രമിക്കണമെന്ന് ശ്വേത പറഞ്ഞു. “നമുക്കുവേണ്ടി നമ്മൾ ജീവിക്കണം, അത് കണ്ട് അവർ വളരട്ടെ,” അവർ കൂട്ടിച്ചേർത്തു. കുട്ടികൾക്ക് എല്ലാം നൽകി അവരെ ശിക്ഷിക്കാതിരിക്കുക. അവർക്ക് കോടികളല്ല, മറിച്ച് നല്ല നിമിഷങ്ങളും സ്നേഹവും സുരക്ഷിതത്വവുമാണ് വേണ്ടത്. മക്കൾക്ക് ഏറ്റവും പ്രധാനമായി നൽകേണ്ടത് അവർക്ക് താൽപര്യമുള്ള വിഷയങ്ങളിൽ നല്ല വിദ്യാഭ്യാസം നൽകുക എന്നതാണ് ശരിയായ കരുതലെന്നും ശ്വേത മേനോൻ വ്യക്തമാക്കി
