Home » Top News » Kerala » ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം: ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുത്! എസ്ഐആർ സമയപരിധി നീട്ടണമെന്ന് ബിനോയ് വിശ്വം
Binoy_Viswam

കണ്ണൂരിൽ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വോട്ടർപട്ടികയുടെ തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട എസ്ഐആർ സമയപരിധി അടിയന്തിരമായി നീട്ടിവെക്കണമെന്ന് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

“ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുത്,” ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ജോലിഭാരം താങ്ങാനാവാതെ പയ്യന്നൂരിൽ ഒരു ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്ത സംഭവം കമ്മീഷൻ്റെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കേണ്ട ഘട്ടത്തിൽ പോലും കേരളത്തിൽ തീവ്രപരിശോധന അടിച്ചേൽപ്പിച്ച് ഉദ്യോഗസ്ഥ സംവിധാനത്തിന് മേൽ കമ്മീഷൻ ചെലുത്തിയ താങ്ങാനാവാത്ത സമ്മർദ്ദമാണ് ഈ ദുരന്തത്തിന് കാരണം.

“കേന്ദ്ര ഭരണകക്ഷിയുടെ കാര്യസ്ഥപ്പണി ഏറ്റെടുത്ത ഇലക്ഷൻ കമ്മീഷൻ്റെ നടപടികളിലും നയങ്ങളിലും പ്രതിഫലിക്കുന്നത് കേന്ദ്ര ഭരണകൂടത്തിൻ്റെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾ മാത്രമായി തീർന്നിരിക്കുന്നു. അതിൻ്റെ കേരളത്തിലെ ആദ്യത്തെ ബലിയാടാണ് അനീഷ് ജോർജ് എന്ന യുവ ഉദ്യോഗസ്ഥൻ,” അദ്ദേഹം കുറ്റപ്പെടുത്തി.

സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് കടുംപിടുത്തം ഉപേക്ഷിക്കാനും രാഷ്ട്രീയപാർട്ടികൾ ഒന്നടങ്കം ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കാനുമുള്ള വിവേകം ഇപ്പോഴെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *