ടി20 ലോകകപ്പ് വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട ഇന്ത്യ-ബംഗ്ലാദേശ് തർക്കത്തിൽ വിചിത്രമായൊരു നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം അതുൽ വാസൻ. 2026-ലെ ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ കടുത്ത നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശ് ടീം നായകൻ ലിറ്റൺ ദാസ് ഒരു ഹിന്ദുവാണ് എന്ന വസ്തുത ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കാനുള്ള ഒരു പാലമായി ഉപയോഗിക്കണമെന്നാണ് അതുൽ വാസൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞത്. ടൂർണമെന്റ് ഇത്ര അടുത്തെത്തി നിൽക്കെ അവസാന നിമിഷം വേദി മാറ്റുന്നത് ഐസിസിക്ക് വലിയ സാങ്കേതിക പ്രതിസന്ധികൾ ഉണ്ടാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാണെന്നും അവിടെ ആശങ്കപ്പെടാനില്ലെന്നും വാസൻ വ്യക്തമാക്കി. “ബംഗ്ലാദേശ് ക്യാപ്റ്റൻ ഒരു ഹിന്ദുവാണ്, അതുകൊണ്ട് തന്നെ ടൂർണമെന്റിനെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി കാണണം,” എന്ന വാസന്റെ പ്രസ്താവന ഇപ്പോൾ വലിയ ചർച്ചയായിട്ടുണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാട് ഐസിസി നയങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
