Home » Blog » Top News » പൊലിസിന്റേത് ജനസൗഹൃദ മുഖം: മുഖ്യമന്ത്രി പിണറായി വിജയന്‍ റാന്നി- പെരുന്നാട് പൊലിസ് സ്റ്റേഷന് പുതിയ കെട്ടിടം
CM_1

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പൊലിസ് സേനയ്ക്ക് ജനഹസൗഹൃദ മുഖം സാധ്യമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റാന്നി- പെരുനാട് പൊലിസ് സ്റ്റേഷന്‍ മന്ദിരോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലിസ് സ്റ്റേഷന്‍ എന്ന പഴയ സങ്കല്‍പത്തിന് മാറ്റം വരുത്താനായി. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി മികച്ച തൊഴിലിടം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കി. പരാതിയുമായി എത്തുന്നവര്‍ക്ക് ഹെല്‍പ് ഡെസ്‌ക് സംവിധാനത്തിലൂടെ സൗഹൃദപരമായ സാഹചര്യമൊരുക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യം ഒരുക്കി. ബാഹ്യ ഇടപെടലുകളില്ലാതെ സ്വതന്ത്ര്യവും നീതിയുക്തവുമായി കുറ്റാന്വേഷണം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടായി. സോഷ്യല്‍ പോലീസ് സംവിധാനം തുടരും.

നാടിന്റെ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് പൊലിസിന്റെ ഇടപെടലും സമീപനവും നടപടികളും വലിയ പങ്കുവഹിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊലിസില്‍ ചരിത്രപരമായ മുന്നേറ്റം സാധ്യമായതായി അധ്യക്ഷപ്രസംഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പല കേസുകളിലും പഴുതടച്ച കുറ്റാന്വേഷണത്തിലൂടെ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനായി. ജില്ലയില്‍ ആറന്മുള, മലയാലപ്പുഴ, ഇലവുംതിട്ട എന്നിവിടങ്ങളില്‍ പുതിയ പൊലിസ് സ്റ്റേഷന്‍ കെട്ടിടവും പത്തനംതിട്ടയില്‍ വനിതാ പൊലിസ് സ്റ്റേഷന്‍, സൈബര്‍ പൊലിസ് സ്റ്റേഷന്‍ എന്നിവയും യാഥാര്‍ഥ്യമായതായി മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 1.96 കോടി രൂപ ചെലവഴിച്ച് 6,785 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചത്. കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മാണ ചുമതല. ഒന്നാം നിലയില്‍ റിസപ്ഷന്‍, പി ആര്‍ ഒ സീറ്റ്, ഐഎസ്എച്ച് ഒ മുറി, എസ്ഐ മാരുടെ മുറി, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി, കമ്പ്യൂട്ടര്‍ റൂം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ലോക്കപ്പ്, വിസിറ്റേഴ്‌സ് ഏരിയ, നടുമുറ്റം എന്നിവയും രണ്ടാം നിലയില്‍ സീനിയര്‍ ഓഫീസര്‍ റൂം, പ്രത്യേക വിശ്രമമുറി, തൊണ്ടിമുറി, കിച്ചന്‍, ഡൈനിങ്, ഇന്‍വെസ്റ്റിഗേഷന്‍ റൂം എന്നിവയും സജീകരിച്ചിട്ടുണ്ട്.

പ്രമോദ് നാരായണ്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ, ജില്ലാ പഞ്ചായത്തംഗം ടി കെ സജി, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം രാധ പ്രസന്നന്‍, എഎസ്പി പി വി ബേബി, റാന്നി ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ആര്‍ ജയരാജ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.