Home » Top News » Top News » ദേശീയപാത നിർമ്മാണം: സുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശം നൽകി ജില്ലാ കളക്ടർ
images - 2025-11-18T190532.111

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കർശന സുരക്ഷ ഉറപ്പുവരുത്തണമെന്ന് ദേശീയപാത അതോറിറ്റിയോടും നിർമ്മാണ കമ്പനിയോടും ജില്ലാ കളക്ടർ അലക്സ് വർഗീസ് ആവശ്യപ്പെട്ടു. അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ അപകടം സംഭവിച്ച പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

അപകടത്തിൽ നിർമ്മാണ കമ്പനിക്ക് വീഴ്ച പറ്റിയതായി യോഗം വിലയിരുത്തി. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയും മേൽനോട്ടത്തോടെയും മാത്രമേ ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കൂ എന്ന് ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പറഞ്ഞു.

ഉയരപ്പാതയിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്ന സമയത്ത് പൊലീസ് സഹായത്തോടെ ഗതാഗത ക്രമീകരണവും വഴി തിരിച്ചു വിടലും ഉൾപ്പെടെ നടത്തിയ ശേഷം മാത്രമേ പ്രവർത്തനങ്ങൾ ആരംഭിക്കാവൂ എന്ന് ജില്ലാ കളക്ടർ ദേശീയപാത അധികൃതർക്ക്

കർശന നിർദേശം നൽകി. ഈ സമയത്ത് വാഹനഗതാഗതം തടയുന്നതിന് കൃത്യമായി ബാരിക്കേഡുകൾ സ്ഥാപിക്കണം. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ ഷെഡ്യൂൾ ഒരാഴ്ച മുൻപ് തന്നെ തയ്യാറാക്കി നിർമ്മാണ കമ്പനി പൊലീസിന് നൽകണം. ഇതിനനുസൃതമായി പൊലീസ് ഗതാഗത ക്രമീകരണം നടത്തും. സുരക്ഷാ ഓഡിറ്റിംഗ് നടത്തുന്നതിനുള്ള റൈറ്റ്സ് സംഘം ഇന്ന് (ചൊവ്വാഴ്ച) നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും. അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. കൂടാതെ ദേശീയപാത അതോറിറ്റിയിലെ വിദഗ്ധരായ എ. കെ ശ്രീവാസ്തവ, അശോക് കുമാർ മാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ പരിശോധന നിലവിൽ ആരംഭിച്ചതായി ദേശീയപാത അധികൃതർ യോഗത്തെ അറിയിച്ചു.

ഗതാഗതം ക്രമീകരിക്കുന്നതിനായി പൊലീസ് 25 പേരെയും നിർമ്മാണ കമ്പനി 86 മാർഷൽമാരെയും നിയോഗിച്ചിട്ടുണ്ട്. ഇവർ കൃത്യമായി ജോലി നിർവഹിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്ന് കളക്ടർ പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ നൈറ്റ്‌ ട്രാഫിക് ഓഡിറ്റ് നടത്തും. ഗതാഗതം വഴിതിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ ആദ്യം തന്നെ പൂർത്തീകരിക്കാൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

 

ഉയരപ്പാതയിൽ ആകെയുള്ള 379 ബേയിൽ 313 ബേകളുടെ പണികൾ പൂർത്തീകരിച്ചതായും ബാക്കി 66 ബേകളുടെയും 168 ഗർഡറുകളുടെയും പ്രവർത്തികൾ ഡിസംബർ മാസത്തിൽ തന്നെ പൂർത്തിയാക്കുമെന്നും ദേശീയപാത അധികൃതർ യോഗത്തെ അറിയിച്ചു.

 

നിർമ്മാണം പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഭാഗങ്ങളിൽ പരമാവധി വേഗത്തിൽ റോഡ് ടാറിങ് പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ദേശീയപാതയിൽ 19 സ്ഥലത്തുള്ള കയ്യേറ്റങ്ങൾ തിട്ടപ്പെടുത്തുന്നതിന് സർവ്വേ ടീമിനെ നിയോഗിക്കും. നിർമ്മാണം പൂർത്തീകരിച്ച മേഖലകളിലെ അവശിഷ്ടങ്ങൾ റോഡിൽ നിന്ന് എത്രയും വേഗം നീക്കം ചെയ്യാനും നിർമ്മാണ കമ്പനിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിന് ആർടിഒ സമർപ്പിച്ച റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ട്രാഫിക് നിയന്ത്രിക്കുന്ന മാർഷലുകളുടെ വിന്യാസമടങ്ങിയ ഒരാഴ്ചത്തെ ഷെഡ്യൂൾ പോലീസിന് കൈമാറണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ദേശീയപാതയിലെ അപകട മേഖലകളിൽ നവംബർ 25 നകം ട്രാഫിക് ഓഡിറ്റ് നടത്താൻ മോട്ടോർ വാഹന വകുപ്പിന് കളക്ടർ നിർദ്ദേശം നൽകി. യോഗ തീരുമാനങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വരും ദിവസങ്ങൾ പരിശോധന തുടരുമെന്നും കളക്ടർ പറഞ്ഞു.

യോഗത്തിൽ ദേശീയപാത അതോറിറ്റി ഡിവിഷണൽ മാനേജർമാർ, നിർമ്മാണ കമ്പനി പ്രതിനിധികൾ, ഡെപ്യൂട്ടി കളക്ടർമാർ, പൊലീസ്, വാട്ടർ അതോറിറ്റി, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *