Home » Blog » Kerala » ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വം: പത്മകുമാറിനെതിരെ എസ്ഐടി
padmakumar-2025-11-21-08-03-50

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ പ്രത്യേക അന്വേഷണസംഘം. ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമാണെന്നും പിത്തളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി. അനുവദിക്കുന്നു എന്ന് മിനുട്‌സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ എഴുതിയെന്നും എസ്‌ഐടി കണ്ടെത്തി. ഇതിന് പിന്നാലെയാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻപോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയത് എന്നാണ് കണ്ടെത്തൽ.

സ്വർണം പൂശാൻ തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കി. മഹസറിൽ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രി അല്ല. അത്തരം രേഖകൾ ലഭ്യമല്ലെന്ന് എസ്‌ഐടി ഹൈക്കോടതിയിൽ അറിയിച്ചു. സ്വർണപ്പാളികൾ കൊടുത്തുവിടാൻ അനുവാദം വാങ്ങിയില്ല. തന്ത്രിയുടെ അഭിപ്രായവും എ പത്മകുമാർ തേടിയിട്ടില്ലെന്നും എസ്‌ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.