നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, അദ്ദേഹത്തെ സംഘടനകളിൽ തിരിച്ചെടുക്കാൻ ഒരുങ്ങി ചലച്ചിത്ര സംഘടനകൾ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക തുടങ്ങിയ സംഘടനകളാണ് അനുകൂല നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. താരസംഘടനയായ ‘അമ്മ’യും വിഷയത്തിൽ ചർച്ചകൾ നടത്തി.
ദിലീപിൻ്റെ ഫെഫ്കയിലെ സസ്പെൻഷൻ പുനഃപരിശോധിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. “ഉത്തരവാദിത്തപ്പെട്ട കോടതി കുറ്റവിമുക്തനാണെന്ന് പറഞ്ഞാൽ, സംഘടനയിൽ പ്രവർത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണ്,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ കുറ്റാരോപിതനായ സമയത്ത്, വിശേഷിച്ച് കമ്മിറ്റി കൂടാതെ, ജനറൽ സെക്രട്ടറിയുടെ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ദിലീപിനെ പുറത്താക്കിയ സംഘടനയാണ് ഫെഫ്ക. നിലവിലെ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടർ നടപടികൾ എന്തായിരിക്കണമെന്ന് ആലോചിക്കാൻ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സംഘടനയുടെ കമ്മിറ്റി ചർച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കുമെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
ദിലീപ് അപേക്ഷ നൽകുകയാണെങ്കിൽ, യോഗം ചേർന്ന് അദ്ദേഹത്തെ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അറിയിച്ചു. നേരത്തെ സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും, ദിലീപ് ഒരു സിനിമ നിർമ്മിച്ച സമയത്ത് താത്കാലിക മെമ്പർഷിപ്പ് നൽകി തിരിച്ചെടുത്തിരുന്നു.
കൂടാതെ വിധിക്ക് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം പ്രസിഡൻ്റ് ശ്വേത മേനോൻ്റെ അധ്യക്ഷതയിൽ ചേർന്നിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ച നടന്നതായാണ് വിവരം.’അമ്മ’ വൈസ് പ്രസിഡൻ്റും നടിയുമായ ലക്ഷ്മിപ്രിയ വിധിയിൽ വ്യക്തിപരമായ സന്തോഷം രേഖപ്പെടുത്തി. “ദിലീപ് കുറ്റക്കാരനല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനർത്ഥം ഇരയ്ക്കൊപ്പം അല്ല എന്നല്ല. രണ്ടുപേരും സഹപ്രവർത്തകരാണ്,” ലക്ഷ്മിപ്രിയ പ്രതികരിച്ചു. വിധി അമ്മയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ഔദ്യോഗിക പ്രതികരണം ഉടൻ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, “നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു” എന്നാണ് അമ്മ സംഘടന സോഷ്യൽ മീഡിയയിൽ കുറിച്ചത്.
