സൗദി അറേബ്യയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 10 റിക്രൂട്ടിങ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. രാജ്യത്തെ 37 സ്ഥാപനങ്ങളിലാണ് തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതിൽ, ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ 10 സ്ഥാപനങ്ങളെ തൽക്ഷണം അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. മറ്റ് 27 സ്ഥാപനങ്ങൾക്ക് അവരുടെ വീഴ്ചകളും ക്രമക്കേടുകളും പരിഹരിക്കാൻ സമയം അനുവദിച്ചു.
പ്രധാന വീഴ്ചകൾ ഇവയാണ്
ലേബർ സേവനങ്ങളുടെ കാര്യത്തിൽ കമ്പനികൾ ഗുരുതരമായ വീഴ്ച്ച വരുത്തി.
സേവനം മുടങ്ങിയവർക്ക് പണം തിരികെ നൽകണമെന്ന വ്യവസ്ഥ കമ്പനികൾ പാലിച്ചില്ല.
സേവനം ഉപയോഗിച്ചവരുടെ പരാതികൾ പരിഹരിക്കാൻ സ്ഥാപനങ്ങൾ തയ്യാറായില്ല.
തൊഴിൽ സേവനങ്ങൾ ആവശ്യമുള്ളവർ സർക്കാരിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമായ മുസാനദ് വഴി മാത്രം സേവനങ്ങൾ ഉപയോഗിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 920002866 എന്ന നമ്പറിലോ മുസാനദ് ആപ്ലിക്കേഷനിലൂടെയോ അറിയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
