ഭാര്യയുടെ തെരുവ് നായ്ക്കളോടുള്ള അമിതമായ അഭിനിവേശവും അതിരുകടന്ന സ്വഭാവങ്ങളും തങ്ങളുടെ ദാമ്പത്യജീവിതം നശിപ്പിച്ചുവെന്ന് ആരോപിച്ച് ഗുജറാത്തിൽ നിന്നുള്ള ഒരാൾ വിവാഹമോചനം തേടി സംസ്ഥാന ഹൈക്കോടതിയെ സമീപിച്ചു. തെരുവുനായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്ന് അവയുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നു എന്നാണ് ഭർത്താവ് ഉന്നയിക്കുന്ന പ്രധാന ആരോപണം.
ക്രൂരത ആരോപിച്ചുള്ള ഈ ഹർജി ഗുജറാത്ത് ഹൈക്കോടതി ഡിസംബർ 1 ന് പരിഗണിക്കും. കഴിഞ്ഞ വർഷം കുടുംബ കോടതി തള്ളിയ വിവാഹമോചന ഹർജിക്കെതിരെ ഭർത്താവ് നൽകിയ അപ്പീലാണ് ഇപ്പോൾ ഹൈക്കോടതിക്ക് മുന്നിലുള്ളത്.
റെസിഡൻഷ്യൽ അസോസിയേഷന്റെ എതിർപ്പ് അവഗണിച്ചുകൊണ്ട് ഭാര്യ ഒരു തെരുവ് നായയെ അഹമ്മദാബാദിലെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുവന്നതോടെയാണ് ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് ഭർത്താവ് പറയുന്നു. നായ തനിക്കും മറ്റ് താമസക്കാർക്കും ഭീഷണിയാണെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ നായയെ പരിപാലിക്കുന്നത് ദുഷ്കരമാണെന്നും ഭർത്താവ് ആരോപിച്ചു.
പിന്നീട് കൂടുതൽ നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നത് കാരണം വീട് വൃത്തിഹീനമായെന്നും അയൽക്കാർ പരാതിപ്പെട്ടുവെന്നും ഹർജിയിൽ പറയുന്നു.കൂടാതെ നായ്ക്കൾ പലപ്പോഴും തന്നെ ആക്രമിക്കുകയും വേദനാജനകമായ കടിയേൽക്കുകയും ചെയ്തിട്ടുണ്ട്.
നായ്ക്കളോടൊപ്പം കിടക്ക പങ്കിടാൻ ഭാര്യ തന്നെ നിർബന്ധിച്ചിരുന്നതായും ഭർത്താവ് ആരോപിക്കുന്നു.
തെരുവുനായ വിഷയങ്ങൾ കൂടാതെ, ക്രൂരതയ്ക്ക് കാരണമായ മറ്റ് ചില സംഭവങ്ങളും ഭർത്താവ് ചൂണ്ടിക്കാട്ടി. ഒരു റേഡിയോ സ്റ്റേഷൻ വഴി ഭാര്യ സംഘടിപ്പിച്ച ഏപ്രിൽ ഫൂൾ തമാശയിൽ, തനിക്ക് പരസ്യമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടു. ഈ സംഭവം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും മുന്നിൽ തന്നെ നാണം കെടുത്തിയെന്ന് അദ്ദേഹം പറയുന്നു. ഈ മാനസിക സമ്മർദ്ദങ്ങൾ തന്റെ പ്രമേഹത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായെന്നും അദ്ദേഹം ആരോപിച്ചു.
2001-ൽ കണ്ടുമുട്ടി 2006-ൽ വിവാഹിതരായ ദമ്പതികൾക്ക് നിയമപരമായ തർക്കങ്ങളുടെ നീണ്ട ചരിത്രമുണ്ട്.
2012: ഭർത്താവ് ആദ്യമായി ബെംഗളൂരുവിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി.
2024 : അഹമ്മദാബാദിലെ കുടുംബ കോടതി അദ്ദേഹത്തിന്റെ ഹർജി തള്ളി.
ഈ തീരുമാനത്തിനെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
നവംബർ 11-ന് കേസ് പരിഗണിച്ചപ്പോൾ, ഒത്തുതീർപ്പിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി ബെഞ്ച് കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ ഭർത്താവിന്റെ അഭിഭാഷകൻ 15 ലക്ഷം രൂപ നൽകാൻ വാഗ്ദാനം ചെയ്തുവെങ്കിലും, ഭാര്യ രണ്ട് കോടി രൂപ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, താൻ ഒരിക്കലും തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നിട്ടില്ലെന്നും, താൻ മൃഗങ്ങളെ പരിപാലിക്കുന്ന ഒരു ട്രസ്റ്റിന്റെ ഭാഗമാണെന്നും ഭാര്യ ആരോപണങ്ങൾ നിഷേധിച്ചു. ഏപ്രിൽ ഫൂൾ തമാശ നടത്തിയതായി സമ്മതിച്ചെങ്കിലും അത് ദോഷകരമായിരുന്നില്ലെന്നും, ഭർത്താവിന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും അവർ പറഞ്ഞു.
