Home » Top News » Kerala » തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം; 50 പേർക്ക്‌ പരിക്ക്
images (1)

ശിവഗംഗ: തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. 50 പേർക്ക്‌ പരിക്ക്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ്റെ രണ്ട് ബസുകളാണ് ശിവഗംഗ ജില്ലയിലെ തിരുപത്തൂറിന് സമീപം നാചിയപുരം ഗ്രാമത്തിൽ വച്ച് അപകടത്തിൽപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം.

കാരൈക്കുടിയിൽ നിന്ന് ദേവക്കോട്ടയിലേക്ക് പോയ ബസും ദേവക്കോട്ടയിൽ നിന്ന് ദിണ്ടിഗലിലേക്ക് പോയ ബസുമാണ് നാചിയപുരത്തെ വിവേകാനന്ദ പോളിടെക്‌നിക് കോളേജിന് സമീപത്ത് വച്ച് കൂട്ടിയിടിച്ചത്. ഒരു ബസിൻ്റെ ഡ്രൈവറായ പി സെന്ദരയ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കാരൈക്കുടി ഗവൺമെൻ്റ് ആശുപത്രിയിലും തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിലും ശിവഗംഗ ആശുപത്രിയിലുമായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ആറ് പേരെ മധുരൈയിലെ രാജാജി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ മരിച്ച ഒൻപത് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമാണ്. ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം നേരിൽ കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് മൃതദേഹങ്ങൾ ശിവഗംഗ ആശുപത്രിയിലും ആറ് മൃതദേഹങ്ങൾ തിരുപ്പത്തൂർ ആശുപത്രിയിലും മൂന്ന് മൃതദേഹങ്ങൾ കാരൈക്കുടി ആശുപത്രിയിലുമാണ് ഉള്ളത്.