സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോ എന്ന് കർശനമായി പരിശോധിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കമ്മീഷൻ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാതല ഉദ്യോഗസ്ഥർക്കാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.
പരിശോധിക്കുന്ന പ്രധാന കാര്യങ്ങൾ:
പ്രചാരണവുമായി ബന്ധപ്പെട്ട നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ.
മൈക്ക് അനൗൺസ്മെന്റ്, പൊതുയോഗങ്ങൾ, യോഗങ്ങൾ.
സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണ പരിപാടികൾ.
നോട്ടീസുകളും ലഘുലേഖകളും പ്രസിദ്ധീകരിക്കുന്നതിനും കമാനങ്ങൾ സ്ഥാപിക്കുന്നതിനും കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് സ്ക്വാഡ് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും.
ജില്ലാ തലത്തിൽ വരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്റ്റന്റ് കളക്ടർ/ സബ് കളക്ടർ/ ഡെപ്യൂട്ടി കളക്ടർ എന്നിവരിൽ ഒരാളുടെ നേതൃത്വത്തിലായിരിക്കും സ്ക്വാഡ് പ്രവർത്തിക്കുക. താലൂക്ക് തലത്തിൽ തഹസിൽദാർ അല്ലെങ്കിൽ ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിക്കണം.
