Home » Blog » Top News » തണ്ടുതുരപ്പന്റെ ആക്രമണം:ജാഗ്രതവേണമെന്ന് കീട നിരീക്ഷണ കേന്ദ്രം
images - 2025-12-02T185522.504

രാമങ്കരി, നെടുമുടി, കൈനകരി, തകഴി, ചെറുതന, കരുവാറ്റ കൃഷിഭവനുകളുടെ പരിധിയില്‍ പുഞ്ചകൃഷിക്കായി വിതച്ച് 45 ദിവസം വരെ പ്രായമായ പാടശേഖരങ്ങളില്‍ തണ്ടുതുരപ്പന്റെ ആക്രമണം കാണുന്നുണ്ടെന്നും ജാഗ്രത വേണമെന്നും കീടനീരിക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.

 

തുടര്‍ച്ചയായി വെള്ളം കെട്ടിക്കിടക്കുന്ന നിലങ്ങളിലും മണ്ണിലെ അമ്ലതകൊണ്ട് വിളയുടെ ആരോഗ്യം മെച്ചമല്ലാത്ത നിലങ്ങളിലും ആണ് കീടാക്രമണം കൂടുതലായാണ് കാണുന്നത്.

 

തണ്ടു തുരപ്പനെതിരെനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുമ്പോള്‍ കര്‍ഷകര്‍ ഇനി പറയുന്ന കാര്യങ്ങൾശ്രദ്ധിക്കണം. വിതച്ച് ആദ്യ 50 ദിവസം വരെയുള്ള വിളയില്‍ കീടനാശിനികള്‍ തളിക്കുന്നത് മിത്രപ്രാണികളുടെ നാശത്തിനും അതുവഴി കീടസംഖ്യ ഏകപക്ഷീയമായി വര്‍ദ്ധിക്കുന്നതിനും കാരണമാകും. മാത്രവുമല്ല തണ്ടുതുരപ്പന്‍ പുഴുവിനെതിരെ കീടനാശിനികള്‍ തളിച്ചുകൊടുക്കുന്നത് അത്ര ഫലപ്രദമല്ല. തണ്ടുതുരപ്പന്റെ മുട്ടക്കൂട്ടങ്ങള്‍ കൂടുതലായി കാണുന്ന സാഹചര്യത്തില്‍ അനുയോജ്യമായ തരിരൂപത്തിലുള്ള കീടനാശിനികള്‍ വളത്തോടൊപ്പം ചേര്‍ത്തുകൊടുക്കുകയാണ് തളിപ്രയോഗത്തെക്കാള്‍ അനുയോജ്യം. ഇപ്രകാരം ചേര്‍ത്തുകൊടുക്കുമ്പോള്‍ കണ്ടത്തില്‍ മിനുക്കം വെള്ളം ഉണ്ടായിരിക്കണം.

 

കീടബാധ കാണപ്പെടുന്ന പാടശേഖരങ്ങളില്‍ എല്ലാ കര്‍ഷകരും ഒരേ രീതിയില്‍ കീടനാശിനി പ്രയോഗം നടത്തിയാല്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും. ചില പാടശേഖരങ്ങളില്‍ കരിഞ്ചാഴിയുടെ സാന്നിധ്യവും ചെറിയ തോതില്‍ കാണുന്നുണ്ട്. സാധാരണ പുഞ്ചകൃഷിയില്‍ കരിഞ്ചാഴിയുടെ മുട്ടക്കൂട്ടങ്ങള്‍ പരാദീകരിക്കപ്പെടുതിനാല്‍ ആക്രമണം രൂക്ഷമാകാന്‍ സാധ്യതയില്ല. തണ്ടുതുരപ്പനും കരിഞ്ചാഴിക്കുമെതിരെ തളിപ്രയോഗത്തേക്കാള്‍ തരിരൂപത്തിലുള്ള കീടനാശിനികള്‍ മണ്ണില്‍ ചേര്‍ത്തു കൊടുക്കുന്ന രീതിയാണ് കൂടുതല്‍ ഫലപ്രദം. കര്‍ഷകര്‍ സാങ്കേതിക ഉപദേശം സ്വീകരിച്ചു മാത്രം നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുക എന്നും പ്രൊജക്ട് ഡയറക്ടര്‍ പറഞ്ഞു.

 

ഇതിനായി ബന്ധപ്പെടേണ്ട നമ്പര്‍ –

രാമങ്കരി – 9633815621

നെടുമുടി – 8547865338

കൈനകരി – 9961392082

തകഴി – 9747731783

ചെറുതന – 9747962127

കരുവാറ്റ – 8281032167