ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്തുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഉമർ മുഹമ്മദ് എന്നയാളാണെന്ന് സൂചന. ഇയാൾക്ക് ഭീകര സംഘടനയായ ജെയ്ഷ്-ഇയുമായി ബന്ധമുണ്ടെന്നാണ് ഇന്റലിജൻസ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമിൽ, ഡോ. ആദിൽ എന്നിവരുമായും ഉമറിന് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.
സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ചിരുന്നത് ഉമർ ആയിരുന്നോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. താരിഖ് എന്നയാളിൽ നിന്നാണ് ഇയാൾ വാഹനം വാങ്ങിയതെന്നാണ് സൂചന. കറുത്ത മാസ്ക് ധരിച്ച ഒരാൾ കാറുമായി റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പുറത്തേക്കിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട് പഹഡ്ഗഞ്ച്, ദരിയാ ഗഞ്ച് എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പോലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ വിവിധയിടങ്ങളിൽ പരിശോധന തുടരുകയാണ്. ഹോട്ടലുകളുടെ രജിസ്റ്ററുകൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. മരിച്ചവരിൽ ഒരാൾ ഡൽഹിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയായ അശോക് കുമാറും മറ്റൊരാൾ ഡൽഹി ശ്രീനിവാസ്പുരി സ്വദേശി അമർ ഖട്ടാരിയയുമാണ്.
യുഎപിഎ (UAPA), സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ഡിസിപി അറിയിച്ചു. സ്ഫോടനം നടന്ന കാറിൽ നിന്ന് ലഭിച്ച ചില ശരീരഭാഗങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. ബദർപൂർ അതിർത്തി മുതൽ ചെങ്കോട്ടയ്ക്ക് സമീപമുള്ള സുനേരി ബാഗ് മസ്ജിദ് പാർക്കിംഗ് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ഡൽഹി പോലീസ് പരിശോധിച്ചു. ഇതിനായി 200 പോലീസുകാരെയാണ് നിയോഗിച്ചത്. സംശയം തോന്നിയ 13 പേരെ ചോദ്യം ചെയ്തിട്ടുണ്ട്.
