മാസങ്ങളായി ലോകരാഷ്ട്രീയത്തിലെ തലവേദനയായി തുടർന്ന അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് താൽക്കാലിക വിരാമം! അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ഒരു ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് നിർണ്ണായക നീക്കം. മാസങ്ങളായി നിർത്തിവെച്ചിരുന്ന കാർഷികോൽപന്നങ്ങളുടെ കയറ്റുമതി പുനരാരംഭിച്ചു കൊണ്ട്, 300 മില്യൺ ഡോളറിൻ്റെ (ഏകദേശം 2500 കോടി രൂപ) സോയാബീനാണ് ചൈന അമേരിക്കയിൽ നിന്ന് വാങ്ങിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് ട്രംപ് വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് 10 ചരക്കുകളിലായി സോയാബീൻ വാങ്ങാൻ ചൈന തീരുമാനിച്ചത്.
വ്യാപാര തർക്കങ്ങൾ കാരണം മാസങ്ങളായി അമേരിക്കൻ കാർഷിക വിളകൾ ചൈന വാങ്ങുന്നത് നിർത്തിവെച്ചിരുന്നു. ഇത് അമേരിക്കയിലെ കർഷകർക്ക് കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടമാണ് വരുത്തിവെച്ചത്. ഈ വർഷം മെയ് മാസത്തിന് ശേഷം ആദ്യമായാണ് അമേരിക്കൻ സോയാബീൻ ചൈനയിലേക്ക് അയക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് തിങ്കളാഴ്ച നടത്തിയ ഫോൺ സംഭാഷണമാണ് ഈ വലിയ വാങ്ങലിന് വഴിയൊരുക്കിയത്. കുറഞ്ഞത് 10 ചരക്കുകളിലായി 300 മില്യൺ ഡോളറിൻ്റെ സോയാബീനാണ് ചൈന വാങ്ങിയത്. കൂടാതെ, ചൈനയിലേക്ക് കന്നുകാലികൾക്ക് നൽകുന്ന ധാന്യം കയറ്റുമതി ചെയ്യുന്നതിനുള്ള കപ്പലും തയാറായിട്ടുണ്ട്.
ചൈന അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തിവെച്ചതോടെ കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടം നേരിട്ട അമേരിക്കയിലെ കർഷകർക്ക് കയറ്റുമതി പുനരാരംഭിക്കുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഈ നഷ്ടം ഒരു പരിധി വരെ നികത്താൻ കഴിയുമെന്ന ആശ്വാസത്തിലാണ് അവർ.
അമേരിക്കയുടെ മൊത്തം സോയാബീൻ കയറ്റുമതിയുടെ പകുതിയിലധികവും ചൈനയിലേക്കാണ്. 2024-ൽ ചൈനയുടെ സോയാബീൻ ഇറക്കുമതിയുടെ അഞ്ചിലൊന്ന് അമേരിക്കയിൽ നിന്നായിരുന്നു. ഏകദേശം 12 ബില്യൺ ഡോളറിൻ്റെ (ഏകദേശം 1 ലക്ഷം കോടി രൂപ) വ്യാപാരമാണിത്. ചൈന പ്രധാനമായും പന്നികൾക്കുള്ള തീറ്റ ഉണ്ടാക്കാനും പാചകയെണ്ണ നിർമ്മിക്കാനുമാണ് ഈ സോയാബീൻ ഉപയോഗിക്കുന്നത്.
