മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ‘കളങ്കാവൽ’ ചിത്രം ഡിസംബർ 5-ന് റിലീസിനൊരുങ്ങുകയാണ്. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിൽ മമ്മൂട്ടി നടൻ ജിബിൻ ഗോപിനാഥിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. പ്രണവ് മോഹൻലാൽ-രാഹുൽ സദാശിവൻ കോംബോയിൽ എത്തിയ ‘ഡിയസ് ഈറെ’ എന്ന ചിത്രത്തിൽ മധുസൂദനൻ പോറ്റി എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ചവെച്ച നടനാണ് ജിബിൻ ഗോപിനാഥ്. “നമ്മൾ നടന്നുപോകുമ്പോൾ കിട്ടുന്ന ചില പ്രത്യേക പഴങ്ങളെപ്പോലെയാണ് ജിബിൻ ഗോപിനാഥ്” എന്നാണ് മമ്മൂട്ടി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്.
ജിബിൻ ഗോപിനാഥിന്റെ അഭിനയ മികവിനെ മമ്മൂട്ടി പ്രശംസിച്ചത് ഇങ്ങനെയാണ്, “നമ്മൾ നടന്നുപോകുമ്പോൾ വഴിയിൽ നിന്ന് ചില പ്രത്യേക പഴങ്ങൾ കിട്ടാറില്ലേ, അത്തരത്തിൽ കിട്ടുന്ന ഒരു നടനാണ് ഇയാൾ. ‘ഡിയസ് ഈറെ’ എല്ലാവരും കണ്ടതാണല്ലോ, ഞെട്ടിച്ചില്ലേ ഇയാൾ? ഒരു പരസ്യചിത്രത്തിലൂടെയാണ് ഞാൻ ആദ്യമായി ഇയാളെ ശ്രദ്ധിക്കുന്നത്. അതിൻ്റെ കഥ എന്താണെന്ന് ഇയാൾ തന്നെ പറയും. ഒടുവിൽ എൻ്റെ കൂടെ ‘കളങ്കാവലി’ലും അഭിനയിച്ചു.”
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥയൊരുക്കിയ ‘കളങ്കാവൽ’, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നവാഗത സംവിധായകനായ ജിതിൻ കെ. ജോസ് ഒരുക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കിയത് ഇദ്ദേഹമാണ്. നേരത്തെ നവംബർ 27-ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, പിന്നീട് മാറ്റിവെച്ച് ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും.
