മലയാള സിനിമയിൽ പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുന്ന മൾട്ടിസ്റ്റാർ ചിത്രം’പാട്രിയറ്റ്’ ചിത്രീകരണം പൂർത്തിയായി. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും19 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിൽ ഒന്നിക്കുന്ന ഈ ചിത്രം, വെള്ളിയാഴ്ച കൊച്ചിയിൽ നടന്ന അവസാനഘട്ട ചിത്രീകരണത്തോടെയാണ് പാക്കപ്പ് ആയത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം, അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ വെല്ലുന്ന രീതിയിൽ ഒരുങ്ങുന്ന ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിങ്ങനെ തെന്നിന്ത്യൻ സിനിമയിലെ പ്രമുഖർ അണിനിരക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ ദർശന രാജേന്ദ്രൻ, ജിനു ജോസഫ്, പ്രകാശ് ബെലവാടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ശ്രീലങ്ക, അസർബൈജാൻ, ലഡാക്ക്, ലണ്ടൻ, ഡൽഹി, ഹൈദരാബാദ് തുടങ്ങി വിവിധ രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന വൻകിട ലൊക്കേഷനുകളിലാണ് ചിത്രീകരണം നടന്നത്.
‘ടേക്ക് ഓഫ്’, ‘മാലിക്’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനവും രചനയും നിർവ്വഹിക്കുന്ന ചിത്രമാണിത്. മലയാളത്തിൽ ഇന്നുവരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. 2024 നവംബറിൽ ശ്രീലങ്കയിൽ ആരംഭിച്ച ചിത്രീകരണം ഒരു വർഷത്തിലധികം നീണ്ടുനിന്നു. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി മോഹൻലാൽ ഒന്നിച്ചഭിനയിക്കുന്നതാണ് ഈ ചിത്രത്തിലെ ഹൈലൈറ്റ്. ഇവരുടെ മാസ് ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് നേരത്തെ പുറത്തിറങ്ങിയ ടീസർ സൂചന നൽകിയിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വിഷ്വൽ ട്രീറ്റ് 2026 വിഷു റിലീസായി ആഗോളതലത്തിൽ പ്രദർശനത്തിനെത്തും.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സംഗീതം സുഷിൻ ശ്യാമാണ്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ചിത്രത്തിന്റെ വിദേശ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്
