Home » Top News » Top News » കുളമ്പുരോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണം
images (83)

കുളമ്പു രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് സന്തോഷ് അറിയിച്ചു. പിക്കോര്‍ണ ഇനത്തില്‍പ്പെട്ട ഫുട്ട് ആന്‍ഡ് മൗത്ത് വൈറസ് പരത്തുന്ന കുളമ്പുരോഗം ഇരട്ടകുളമ്പുള്ള മൃഗങ്ങളെയും ബാധിക്കും. ശക്തമായ പനി, വിശപ്പില്ലായ്മ, നൂല്‍പോലെ ഒലിച്ചിറങ്ങുന്ന ഉമിനീര്‍, പത നിറഞ്ഞ വായ, കാലിലും അകിടിലും വായിലും കുമിളകളും തുടര്‍ന്ന് വൃണങ്ങളും, നാവില്‍ വ്രണങ്ങള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഗര്‍ഭം അലസാന്‍ സാധ്യത, നാല് മാസത്തില്‍ താഴെയുള്ള കിടാങ്ങള്‍ ചത്ത് പോകാനുള്ള സാധ്യത എന്നിവയുണ്ട്.

രോഗമുള്ള മൃഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വഴിയും കാറ്റിലൂടെയും കുളമ്പുരോഗം പകരാം. എല്ലാ ഉരുക്കള്‍ക്കും നിര്‍ബന്ധമായി പ്രതിരോധ വാക്‌സിന്‍ എടുക്കണം. ആദ്യ പ്രതിരോധ കുത്തിവയ്പിന് ശേഷം പ്രതിരോധ ശേഷി കൈവരിക്കാന്‍ 14-21 ദിവസം എടുക്കും. കുത്തിവയ്പ് പാല്‍ ഉല്‍പാദനത്തെ ബാധിക്കില്ല.

രോഗം ബാധിച്ച കാലികള്‍ക്ക് പ്രത്യേക പരിചരണം നല്‍കണം. തൊഴുത്തും പരിസരവും പാത്രങ്ങളും ദിവസവും അണുവിമുക്തമാക്കണം. കുളമ്പ് രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് കന്നുകാലികള്‍ക്ക് തീറ്റ, വളം തുടങ്ങിയവ കൊണ്ടുപോകരുത്. പുതിയതായി വാങ്ങുന്ന പശുവിനെ മൂന്നാഴ്ചവരെ നിരീക്ഷിച്ച് രോഗം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മറ്റു പശുക്കളുടെ കൂടെ നിര്‍ത്തുക.

അലക്കുകാരം 40ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തൊഴുത്തും പരിസരവും വൃത്തിയാക്കണം. നാല് ശതമാനം വീര്യമുള്ള അലക്കുകാരം/ അസെറ്റിക്ആസിഡ് (വിനാഗിരി)/ രണ്ട് ശതമാനം വീര്യമുള്ള സോഡിയം ഹൈഡ്രോക്‌സൈഡ് /മൂന്ന് ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറൈറ്റ് ഇവ ഏതെങ്കിലും ഉപയോഗിച്ച് അണുനശീകരണം നടത്തണം. ദിവസം രണ്ട് നേരം വായിലും പാദങ്ങളിലുമുള്ള ക്ഷതങ്ങള്‍ അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക, ബോറിക്ആസിഡ് – ഗ്ലിസറിന്‍ /തേന്‍ പേസ്റ്റ് വായിലെ വ്രണങ്ങളിലും ആന്റിസെപ്റ്റിക് ഓയില്‍മെന്റ് കാലിലും പുരട്ടുക. മൃഗ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ചികിത്സ നല്‍കണം. വേഗം ദഹിക്കുന്ന ആഹാരം, അധികം നാരില്ലാത്ത ഇളംപുല്ല് തീറ്റയായി നല്‍കണം. തുറസായ സ്ഥലത്തോ കശാപ്പിനുള്ള മൃഗങ്ങളെ കെട്ടുന്ന സ്ഥലത്തോ വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടരുത്. രോഗം വന്ന് ചത്ത മൃഗങ്ങളെ ശാസ്ത്രീയമായി കുഴിച്ച് മൂടുകയോ കത്തിച്ച് കളയുകയോ ചെയ്യണം. രോഗം കണ്ടാലുടന്‍ മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗബാധ സംശയിക്കുന്ന പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും കന്നുകാലികളുടെ പോക്കുവരവ് നിയന്ത്രിക്കണം. കന്നുകാലി പ്രദര്‍ശനങ്ങളും കാലിചന്തകളും ഒഴിവാക്കണം. കാലിത്തീറ്റ ദ്രാവകരൂപത്തിലാക്കി നല്‍കണം. ഈച്ചയെ അകറ്റാനുള്ള ലേപനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കണം. ചികിത്സയോടൊപ്പം ചീലേറ്റഡ് മിനറല്‍ മിക്‌സ്ച്ചര്‍ പൗഡര്‍, വിറ്റാമിന്‍ എന്നിവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നല്‍കാമെന്നും ജില്ല മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *