വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് കടക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ അടുത്ത വർഷം, 2026-ൽ, ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിൻഫാസ്റ്റ് അടുത്തിടെ തങ്ങളുടെ VF 7, VF 6 ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്കുള്ള ഈ പ്രവേശനത്തിലൂടെ ഇന്ത്യൻ വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഫെലിസ്, ക്ലാര നിയോ, തിയോൺ എസ്, വെറോ എക്സ്, വെന്റോ എസ്, ഇവോ ഗ്രാൻഡ് എന്നീ ഇലക്ട്രിക് സ്കൂട്ടറുകളാണ് വിൻഫാസ്റ്റ് നിലവിൽ വിയറ്റ്നാമീസ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളതും കമ്പനിയുടെ സൈറ്റിൽ ലഭ്യമായതും. ഇന്ത്യൻ കാലാവസ്ഥയ്ക്കും റോഡുകൾക്കും അനുയോജ്യമായ ഏത് മോഡലാണ് ഇവിടെ പുറത്തിറക്കേണ്ടത് എന്നതിനെക്കുറിച്ച് കമ്പനി നിലവിൽ സാധ്യതാ പഠനം നടത്തി വരികയാണ്. അന്തിമ തീരുമാനം എടുത്തതിന് ശേഷം, പുതിയൊരു ഉപ ബ്രാൻഡിന് കീഴിലായിരിക്കും ഈ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന് വിൻഫാസ്റ്റ് ഏഷ്യ സിഇഒ ഫാം സാൻ ചൗ എൻഡിടിവിയോട് സ്ഥിരീകരിച്ചു. ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോഴ്‌സ്, ആതർ ഇലക്ട്രിക് തുടങ്ങിയ പ്രമുഖ നിർമ്മാതാക്കളുമായിട്ടായിരിക്കും വിൻഫാസ്റ്റിന്റെ ഈ മോഡലുകൾ മത്സരിക്കുക.
ഇന്ത്യയിൽ അതിവേഗം വളരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിൻഫാസ്റ്റ് ലക്ഷ്യമിടുന്നത്. ഈ അന്താരാഷ്ട്ര ബ്രാൻഡിന്റെ വരവ് ഒല, ആതർ, ടിവിഎസ്, ബജാജ് തുടങ്ങിയ പ്രാദേശിക കമ്പനികൾക്ക് വെല്ലുവിളിയാകും. കൂടാതെ ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിക്കാൻ കാരണമാകും. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കമ്പനി രണ്ട് ബില്യൺ ഡോളർ (ഏകദേശം 16,000 കോടി രൂപ) നിക്ഷേപിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ ഒരു ഉൽപ്പാദന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്, ഇവിടെ നിലവിൽ പ്രതിവർഷം 50,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ സാധിക്കും.
