സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ശക്തമായ വർധനവ് രേഖപ്പെടുത്തി. ഓരോ ദിവസവും പ്രവചനാതീതമായ മാറ്റങ്ങളാണ് സ്വർണവിലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്ന് കുറയുമെന്നോ എന്ന് കൂടുമെന്നോ പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് ഒരു പവന് 880 വർധിച്ച് 91,560 ആയി. ഒരു ഗ്രാം സ്വർണം ലഭിക്കാൻ 11,445 നൽകണം. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 12,486 രൂപയും 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9,364 രൂപയുമാണ് ഇന്നത്തെ വില.
ആഗോള വിപണിയിൽ ഡോളർ കരുത്താർജ്ജിച്ച സ്ഥിതിക്ക് നിലവിൽ സ്വർണവില കുറയേണ്ടതാണ്. എന്നാൽ, അമേരിക്കൻ ഫെഡറൽ ബാങ്ക് പലിശ നിരക്ക് കുറയാക്കാനുള്ള സാധ്യതയുണ്ടെന്നും ഇല്ലെന്നുമുള്ള പരസ്പര വിരുദ്ധമായ പ്രചാരണങ്ങൾ നിലനിൽക്കുന്നതിനാലാണ് സ്വർണവിലയിൽ ഈ ചാഞ്ചാട്ടം അനുഭവപ്പെടുന്നത്. അമേരിക്കൻ ഗവൺമെന്റ് ഷട്ട്ഡൗൺ പ്രതിസന്ധി പരിഹരിക്കപ്പെട്ടതോടെ വിപണി പല മാറ്റങ്ങളെയും പ്രതീക്ഷിക്കുകയാണ്. വ്യാപാര നികുതിയിലെ മാറ്റങ്ങൾ, മറ്റ് ആഗോള സൂചികകൾ എന്നിവയിലേക്കെല്ലാം നിക്ഷേപകർ അതീവ ശ്രദ്ധയോടെ കണ്ണുംനട്ടിരിക്കുകയാണ്.
