Home » Blog » Kerala » ഒളിവ് ജീവിതം കോൺഗ്രസ്‌ ചെലവിൽ! രാഹുലിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് പറഞ്ഞവരുടെ മാനസികനില പരിശോധിക്കണം; എം.വി ഗോവിന്ദൻ
58c6e3ba1a2464afe4866d6124c15be67d3a24a2714e9a94e72d9533d4ce3d1c.0

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടയൽ താൽക്കാലികം മാത്രമാണെന്നും, തുടർച്ചയായ കേസുകളോടെ അദ്ദേഹം ‘ഒളിവിലും തെളിവിലുമായി ജീവിതം നയിക്കുന്ന അപൂർവം ആളായി മാറും’ എന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ്. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് പത്രികയുടെ പ്രകാശനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൻ്റെ തണലിൽ ഒളിവ് ജീവിതം

“കോൺഗ്രസിന്റെ തണലിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒളിവ് ജീവിതം നയിക്കുന്നത്. എന്നാൽ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാണ് രാഹുൽ എന്ന് പറഞ്ഞവരുടെ മാനസിക നില പരിശോധിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഇല്ലെങ്കിൽ പോലും യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“കോൺഗ്രസിൽ രണ്ട് വിഭാഗമുണ്ട്. രാഹുലിന്റെ ഒപ്പം നിൽക്കുന്ന ക്രിമിനൽ സംഘവും ഇതൊന്നുമല്ലാത്ത ശുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരും” അദ്ദേഹം പറഞ്ഞു.

ദേശീയപാത തകർച്ച

കൊല്ലത്ത് ദേശീയപാത തകർന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനും എം.വി. ഗോവിന്ദൻ മറുപടി നൽകി. “ദേശീയ പാത എങ്ങനെയെങ്കിലും തകർന്നുകിട്ടട്ടെ എന്ന മാനസിക നിലയുള്ളവരോട് എന്ത് പറയാനാണുള്ളത്?” എന്ന് അദ്ദേഹം ചോദിച്ചു.

ദേശീയപാത തകർന്നാൽ അത് പരിഹരിക്കുന്നതിന് മുൻകൈ എടുക്കുകയല്ലേ വേണ്ടതെന്നും ഗോവിന്ദൻ ചോദിച്ചു. റോഡിന്റെ നിർമ്മാണം നടത്തുന്നത് ദേശീയപാത അതോറിറ്റിയാണ്. അവർക്കാണ് ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം. സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി പണം നൽകുക മാത്രമാണ് സംസ്ഥാന സർക്കാർ‍ ചെയ്തതെന്നും സംസ്ഥാന സർക്കാരിന് ഇതിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.