bsnl-1-680x450.jpg

ഡിജിറ്റൽ യുഗത്തിനൊപ്പം കുതിക്കാൻ തയ്യാറെടുത്ത് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. വളരെയധികം കാത്തിരുന്ന ഇ-സിം സേവനങ്ങൾ ബിഎസ്എൻഎൽ ഔദ്യോഗികമായി കേരളത്തിൽ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ഈ നീക്കം ഉപയോക്താക്കൾക്ക് സിം കാർഡില്ലാതെ തന്നെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാൻ സഹായിക്കുന്ന നിർണ്ണായകമായ ഒരു സാങ്കേതിക മുന്നേറ്റമാണ്. ആധുനിക സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഈ പ്രഖ്യാപനം, ബിഎസ്എൻഎല്ലിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഉപഭോക്തൃ സൗഹൃദമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഏരിയയിലെ എല്ലാ കസ്റ്റമർ സർവീസ് സെന്‍ററുകളിലും ബിഎസ്എൻഎൽ ഇ-സിം സേവനങ്ങൾ ലഭ്യമാണെന്ന് പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് വ്യക്തമാക്കി. കേരളത്തില്‍ 4ജി നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യയും സാധ്യമാക്കിയതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്‍റെ ഇ-സിം സൗകര്യവും എത്തിയിരിക്കുന്നത്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതുവഴി ബിഎസ്എന്‍എല്ലിനായേക്കും. ഇ-സിം സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന മൊബൈൽ ഹാൻഡ്‌സെറ്റ്/ഡിവൈസുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ബിഎസ്എന്‍എല്ലിന്‍റെ ഇ-സിം സൗകര്യം ലഭ്യമാകും. നിലവിലുള്ള പ്രീപെയ്‌ഡ്, പോസ്റ്റുപെയ്‌ഡ് ഉപഭോക്താക്കൾക്കും, പുതിയ കണക്ഷനുകൾക്കും, മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കും ഇ-സിം സേവനം ഉപയോഗിക്കാവുന്നതാണ്.

ഇ-സിം ആക്‌റ്റിവേറ്റ് ചെയ്യുന്നതിന് ഉപഭോക്താക്കൾ അവരുടെ അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്‍റർ സന്ദർശിച്ച് ആവശ്യമായ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. കെവൈസി പ്രക്രിയ പൂർത്തിയായ ശേഷം ഉപഭോക്താൾക്ക് ലഭിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ ബിഎസ്എന്‍എല്‍ ഇ-സിം ആക്റ്റീവാകും. ടാറ്റാ കമ്മ്യൂണിക്കേഷൻസിന്‍റെ സഹായത്തോടെയാണ് ബി‌എസ്‌എൻ‌എല്‍ രാജ്യവ്യാപകമായി ഇ-സിം സേവനം എത്തിക്കുന്നത്. ടാറ്റാ കമ്മ്യൂണിക്കേഷൻസിന്‍റെ ജി‌എസ്‌എം‌എ അംഗീകൃത സബ്‌സ്‌ക്രിപ്‌ഷൻ മാനേജ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ ‘മൂവ്’ ആണ് ഇ-സിം സേവനങ്ങൾ നൽകുന്നത്. ടാറ്റ കമ്മ്യൂണിക്കേഷൻസ് കൊളാബറേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് ഇത് വിതരണം ചെയ്യുന്നത്. രാജ്യവ്യാപകമായി മൊബൈൽ ഉപയോക്തൃ അടിത്തറയ്ക്കായി ഇ-സിം പ്രൊവിഷനിംഗ് കൈകാര്യം ചെയ്യാൻ ഈ പ്ലാറ്റ്‌ഫോം ബി‌എസ്‌എൻ‌എല്ലിനെ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *