വേനൽക്കാലം അവസാനിക്കുകയും തണുപ്പുകാലം തുടങ്ങുകയും ചെയ്തതോടെ, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുമായി ക്രൂയിസ് കപ്പലുകൾ ഖത്തറിലേക്ക് എത്തിത്തുടങ്ങി. ഇതോടെ 2025/2026 ക്രൂയിസ് സീസണിന് ഖത്തറിൽ ഔദ്യോഗികമായി തുടക്കമായി. ഈ സീസണിലെ ആദ്യ കപ്പലായ ആഡംബര ക്രൂയിസ് കപ്പൽ എം.എസ്.സി യൂറിബിയ ഞായറാഴ്ച ഓൾഡ് ദോഹ പോർട്ട് ടെർമിനലിൽ നങ്കൂരമിട്ടു.
എം.എസ്.സി ക്രൂയിസസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും പുതിയതും വലുതുമായ കപ്പലുകളിലൊന്നാണ് എം.എസ്.സി യൂറിബിയ. 5,000 യാത്രക്കാരെയും 1,676 ജീവനക്കാരെയും വഹിച്ചുകൊണ്ടാണ് ഈ ആഡംബര ക്രൂയിസ് ദോഹ തുറമുഖത്ത് എത്തിച്ചേർന്നത്. 331 മീറ്റർ നീളവും 43 മീറ്റർ വീതിയുമുള്ള യൂറിബിയക്ക് ഒരേ സമയം 6,327 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ സാധിക്കും. ശുദ്ധവും കൂടുതൽ സുസ്ഥിരവുമായ യാത്ര ഉറപ്പാക്കുന്നതിനായി, ഈ ഭീമൻ കപ്പലിൽ ഇന്ധനമായി ഉപയോഗിക്കുന്നത് ദ്രവീകൃത പ്രകൃതിവാതകമാണ് (എൽ.എൻ.ജി).
ഖത്തറിന്റെ വിനോദസഞ്ചാര പദ്ധതികളിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് ക്രൂയിസ് ടൂറിസം. 2026 മെയ് വരെ നീണ്ടുനിൽക്കുന്ന നിലവിലെ സീസണിൽ ഓൾഡ് ദോഹ തുറമുഖത്ത് 70-ൽ അധികം ക്രൂയിസ് കപ്പലുകൾ എത്തുമെന്നാണ് മവാനി ഖത്തർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ക്രൂയിസ് ടൂറിസം റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു; കഴിഞ്ഞ ഏപ്രിൽ വരെ നീണ്ട സീസണിൽ 87 കപ്പലുകളിലായി ഏകദേശം 3.96 ലക്ഷം യാത്രക്കാരാണ് ഖത്തർ സന്ദർശിച്ചത്.
