Home » Top News » Kerala » ആലപ്പുഴ റെയിൽവേ ട്രാക്കിൽ കാൽ കണ്ടെത്തിയ സംഭവം; കണ്ണൂർ സ്വദേശിയുടേതെന്ന് പോലീസ്
Screenshot_20251119_120245

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ കണ്ടെത്തിയ മനുഷ്യന്റെ കാൽ, കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹത്തിന്റെ ഭാഗമാണെന്ന നിഗമനത്തിൽ പോലീസ്. തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ എടക്കാട് സ്വദേശി മനോഹരന്റെ കാലിന്റെ ഭാഗമാണ് ആലപ്പുഴയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ മനോഹരന്റെ കാൽ വേർപെട്ടുപോയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. നവംബർ 17-ന് കണ്ണൂരിൽ നിന്നുള്ള സർവീസ് പൂർത്തിയാക്കിയ എറണാകുളം-ആലപ്പുഴ മെമു ട്രെയിനാണ് അടുത്ത ദിവസം ആലപ്പുഴയിലെത്തിയത്. ഈ മെമു ട്രെയിനിന്റെ ബോഗിയിൽ കുടുങ്ങിയ മൃതദേഹ ഭാഗം മനോഹരൻ്റേതാകാമെന്നാണ് പോലീസ് കരുതുന്നത്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ മെമു ട്രെയിൻ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തി ട്രാക്കിൽ നിന്ന് യാർഡിലേക്ക് മാറ്റിയ ശേഷമാണ് സംഭവം പുറത്തറിയുന്നത്. ശുചീകരണ തൊഴിലാളികൾ ട്രാക്കിൽ മുട്ടിന് താഴോട്ടുള്ള മനുഷ്യന്റെ കാൽഭാഗം വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റെയിൽവേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുള്ള പുരുഷന്റെ മൃതദേഹാവശിഷ്ടമാണ് ഇതെന്നായിരുന്നു ആദ്യ നിഗമനം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന മെമു ട്രെയിനിന്റെ ബോഗിയുടെ അടിഭാഗത്ത് എവിടെയോ കുടുങ്ങിക്കിടന്ന അവശിഷ്ടം ട്രാക്കിൽ വീണതാകാം എന്ന നിഗമനത്തിലായിരുന്നു പോലീസ് അന്വേഷണം. ഈ അന്വേഷണത്തിലാണ് കണ്ണൂരിൽ സമാന അപകടം നടന്നതായി വിവരം ലഭിച്ചത്. കൂടുതൽ അന്വേഷണത്തിനായി കണ്ണൂരിൽ നിന്നുള്ള പോലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും. മൃതദേഹാവശിഷ്ടം നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *