തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. ഈ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.
ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ് കേരള ബാര്‍ കൗണ്‍സില്‍. വിഷയം ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതി സ്വമേധയാ പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുന്നത്. നടപടികളുടെ ഭാഗമായി ആന്റണി രാജുവിന് നോട്ടീസ് നല്‍കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം എടുക്കും. വിശദമായ വാദം കേട്ട ശേഷം അച്ചടക്ക നടപടികളിലേക്ക് ബാര്‍ കൗണ്‍സില്‍ കടക്കും. ആന്റണി രാജുവിന്റെ നടപടി ഗുരുതരമെന്നും, നാണക്കേടെന്നുമാണ് ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍.കേസില്‍ മൂന്ന് വര്‍ഷം തടവിനാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇതോടെ മുന്‍ മന്ത്രി കൂടിയായ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനവും നഷ്ടപ്പെട്ടു. അപ്പീലിലൂടെ അനുകൂല വിധി നേടിയില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ആറ് വര്‍ഷത്തേക്ക് ആന്റണി രാജുവിന് മത്സരിക്കാനാകില്ല.
കേസിലെ ഒന്നാം പ്രതിയായ റിട്ട. കോടതി ജീവനക്കാരന്‍ കെ എസ് ജോസിനും മൂന്ന് വര്‍ഷം തടവ് ശിക്ഷയുണ്ട്. ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. അടിവസ്ത്രം തൊണ്ടി മുറി ക്ലാര്‍ക്ക് ജോസിന്റെ ഒത്താശയോടെ കൈക്കലാക്കി വലിപ്പം കുറച്ച് തിരികെവച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്.
