Home » Blog » Top News » ആത്മസംതൃപ്തിയോടെ മല ഇറങ്ങാന്‍ ദേശീയദുരന്ത നിവാരണ സേന
FB_IMG_1768828527967

ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആപത്ഘട്ടങ്ങളില്‍ കൈത്താങ്ങായി ദേശീയ ദുരന്ത നിവാരണ സേന. ചെന്നൈ ആരക്കോണം നാലാം നമ്പര്‍ ബറ്റാലിയന്‍ കീഴിലുള്ള 61 അംഗ ദേശീയ ദുരന്ത നിവാരണ സംഘത്തിന്റെ സന്നിധാനത്തെ പ്രവര്‍ത്തനം ഏറെ പ്രശംസനീയം. സന്നിധാനത്ത് വിവിധ കാരണങ്ങളാല്‍ തളര്‍ന്നു വീഴുന്ന ഭക്തരുടെ രക്ഷയ്ക്കായി ആദ്യം ഓടിയെത്തുന്ന സംഘങ്ങളിലൊന്ന് എന്‍ഡിആര്‍എഫാണ്. 2025 നവംബര്‍ 19 മുതല്‍ ഇതുവരെ 380 ഓളം ഭക്തര്‍ക്ക് എന്‍ഡിആര്‍എഫ് രക്ഷകരായി. കനത്ത തിരക്കിനിടയിലും പ്രാഥമിക ചികത്സ നല്‍കി സ്‌ട്രൈക്ക്ച്ചറില്‍ രോഗികളെ കൃത്യസമയത്ത് സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ പ്രതിജ്ഞാബദ്ധരാണ്.

സന്നിധാനത്തും പമ്പയിലുമായി 61 അംഗ സംഘം 24 മണിക്കൂറും ജോലി ചെയ്യുന്നു. 18 പേര്‍ മലയാളികളാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍ സ്വദേശികളുമുണ്ട്. സീനിയര്‍ കമാന്‍ഡന്റ് അഖിലേഷ് കുമാറിന്റെ കീഴിലാണ് നാലാം നമ്പര്‍ ബറ്റാലിയന്റെ പ്രവര്‍ത്തനം. സന്നിധാനത്തെയും പമ്പയിലെയും സംഘത്തെ ഡെപ്യൂട്ടി കമാന്‍ഡന്റ് സങ്കേത് ഗെയ്ക്ക്‌വാദ് നിയന്ത്രിക്കുന്നു. സന്നിധാനത്ത് 41 പേരും പമ്പയില്‍ 20 പേരും ജോലിക്കുണ്ട്. തമിഴ്‌നാട് സ്വദേശി ഇന്‍സ്‌പെക്ടര്‍ എം കലയരശനും മലയാളി ഇന്‍സ്‌പെക്ടര്‍ സുജിത്തുമാണ് ടീം കമാന്‍ഡര്‍മാര്‍. സന്നിധാനം കൊടിമരച്ചുവടിലും നടപ്പന്തലിലും 24 മണിക്കൂറും സന്നദ്ധരായി രണ്ട് ടീം പ്രവര്‍ത്തിക്കുന്നു. ആറു പേര്‍ വീതമാണ് ഒരു ടീമില്‍. ഗണപതി ക്ഷേത്രത്തിന് താഴെയാണ് പമ്പയിലെ ക്യാമ്പ്.

പുല്‍മേട്ടില്‍ കുടുങ്ങിയ 50 ഓളം അയ്യപ്പ ഭക്തരെ പൊലിസിനൊപ്പം ഈ തീര്‍ഥാടന കാലത്ത് രക്ഷിക്കാനും ദേശീയ ദുരന്ത നിവാരണ സേനയ്ക്കായി. പൊലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് കിട്ടിയ അറിയിപ്പ് പ്രകാരമായിരുന്നു രക്ഷാപ്രവര്‍ത്തനം. സംഘാംഗങ്ങളെല്ലാം മെഡിക്കല്‍ ഫസ്റ്റ് റെസ്‌പോണ്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ്.