asdfs-680x450.jpg

ന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കാനിരിക്കെ സൂപ്പർ താര​ങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെയുമാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഒക്ടോബർ19 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസിനെ കുറിച്ചും ആരാധകർക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

ഇപ്പോഴിതാ കോഹ്‌ലിയുടെ ഫിറ്റ്നസിനെ കുറിച്ച് ഓസ്‌ട്രേലിയൻ പേസർ കെയ്ൻ റിച്ചാർഡ്‌സണിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എട്ട് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയ്ക്ക് എതിരായ മത്സരത്തിൽ ഫിറ്റ്നസുകൊണ്ടും പ്രകടനം കൊണ്ടും ഞെട്ടിച്ച കോഹ്‌ലിയുടെ പ്രകടനം ആണ് റിച്ചാർഡ്‌സൺ ഓർത്തെടുക്കുന്നത്. 2017-ൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഏകദിന മത്സരം കടുത്ത ചൂടിലും ഈർപ്പത്തിലുമായിരുന്നു. ഓസ്‌ട്രേലിയൻ കളിക്കാർ ശ്വാസംമുട്ടുകയും കളിക്കളത്തിൽ എഴുന്നേൽക്കാൻ പാടുപെടുകയും ചെയ്യുമ്പോൾ വിരാട് കോഹ്‌ലി ഒട്ടും ക്ഷീണമില്ലാതെ കളിച്ചു.

”കൊൽക്കത്തയിൽ ഒരു മത്സരം ഉണ്ടായിരുന്നു, അവിടെ അസഹനീയമായ ചൂടായിരുന്നു. സത്യത്തിൽ അന്നത്തെ ചൂട് വിവരിക്കാൻ പോലും എനിക്ക് കഴിയില്ല. ആ ദിവസം കോഹ്‌ലി സെഞ്ച്വറി നേടിയെന്ന് ഞാൻ കരുതുന്നില്ല, അദ്ദേഹം 90 റൺസ് നേടിയെന്നാണ് എന്റെ ഓർമ. ആ ചൂടിൽ ഞങ്ങൾ മരിച്ചു പോകുമെന്ന് പോലും തോന്നി. എന്നാൽ കോഹ്‌ലി ആണെങ്കിൽ സിം​ഗിളും ഡബിളുമെല്ലാം എളുപ്പത്തിൽ ഓടിയെടുക്കുകയായിരുന്നു. എയർ കണ്ടീഷൻ ചെയ്ത റൂമിൽ ട്രെഡ്‌മില്ലിലേതുപോലെയാണ് അദ്ദേഹം ഓടിയിരുന്നത്. ആ ദിവസം ഞങ്ങൾക്ക് സംസാരിക്കാൻ പോലുമുള്ള ആരോഗ്യം ഇല്ലായിരുന്നു. വിക്കറ്റ് ലഭിച്ചാൽ ഒന്ന് സന്തോഷിക്കാനുള്ള ഊർജം പോലും ആർക്കുമുണ്ടായിരുന്നില്ല. എന്നാൽ വിരാട് വളരെ എനർജിയോടെയാണ് കാണപ്പെട്ടത്”, ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നൽകിയ അഭിമുഖത്തിൽ റിച്ചാർഡ്‌സൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *