മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കാസര്‍കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തി. മൊഗ്രാല്‍ ചൗക്കിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകള്‍ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 10000 രൂപ പിഴ ചുമത്തി. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ ഇരിയ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പരിസര ശുചീകരണമില്ലായ്മക്ക് 6500 രൂപയും കോടോം ബേളൂരിലെ ഹോട്ടല്‍ ഉടമയില്‍ നിന്നും 5000 രൂപയും തല്‍സമയ പിഴ ഈടാക്കി.
മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള വാഷ് ബേസിനിലെ ഉപയോഗജലവും കോമ്പൗണ്ടിനകത്തെ കാന്റീനില്‍ നിന്നുള്ള ഉപയോഗജലവും ഓടയിലെത്തുന്നത് അറിയിച്ച് തത്സമയം പരിഹാര നടപടി സ്വീകരിച്ച ഹെഡ്മിസ്‌ട്രെസ് സി.ടി ബീന യെയും പി.ടി.എ പ്രസിഡണ്ടിനെയും മറ്റ് ഭാരവാഹികളെയും എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് അഭിനന്ദിച്ചു. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, അംഗങ്ങളായ വി.എം ജോസ്, ടി.സി ഷൈലേഷ്, ജിതിന്‍, സുധീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുമിത്രന്‍, ബി.കെ ദീപ എന്നിവര്‍ പങ്കെടുത്തു.
