സൗഹൃദ മത്സരത്തിനായി അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിലെത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് താരം കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. മെസ്സിക്കൊപ്പം സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ഉണ്ട്. കൊൽക്കത്തയിലെത്തിയ മെസ്സി ഇന്ന് രാവിലെ 9:30 മുതൽ 10:30 വരെ നടക്കുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പങ്കെടുക്കും. ഇതിനുശേഷം, കൃത്യം പത്തരയ്ക്ക് ശ്രീഭൂമിയിലെ ക്ലോക്ക് ടവറിന് സമീപം സ്ഥാപിച്ചിട്ടുള്ള, 70 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ തന്റെ പ്രതിമ മെസ്സി അനാച്ഛാദനം ചെയ്യും.
മെസ്സിയുടെ ഭീമാകാരമായ പ്രതിമ, മോണ്ടി പാലിന്റെ നേതൃത്വത്തിൽ മുപ്പതോളം കലാകാരന്മാരാണ് രൂപകൽപ്പന ചെയ്തത്. ഇന്ന് പതിനൊന്നര മുതൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രധാന ചടങ്ങുകളിൽ ലയണൽ മെസ്സിക്കൊപ്പം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സൗരവ് ഗാംഗുലി, ലിയാൻഡർ പെയ്‌സ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഈ പരിപാടികൾക്ക് പിന്നാലെ, സൗഹൃദ മത്സരവും മെസ്സിയെ ആദരിക്കുന്നതിനുള്ള പ്രത്യേക ചടങ്ങുകളും നടക്കും.
കൊൽക്കത്തയിലെ പരിപാടികൾക്ക് ശേഷം ഉച്ചയ്ക്ക് രണ്ടോടെ മെസ്സി ഹൈദരാബാദിലേക്ക് തിരിക്കും. വൈകീട്ട് 7 മണി മുതൽ ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ വെച്ച് മെസ്സിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കുന്ന സെവൻസ് മത്സരവും സംഗീത നിശയും നടക്കും. അടുത്ത ദിവസം (നാളെ) രാവിലെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന പാഡൽ കപ്പിൽ പങ്കെടുത്ത ശേഷം, വൈകുന്നേരം നാലിന് നടക്കുന്ന സെലിബ്രിറ്റി ഫുട്‌ബോൾ മത്സരത്തിലും മെസ്സി പങ്കാളിയാകും. പര്യടനത്തിന്റെ ഭാഗമായി, തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ചടങ്ങുകളിലും താരം പങ്കെടുക്കും.
