അരുൾനിതിയും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളാകുന്ന തമിഴ് ചിത്രമായ ‘മൈ ഡിയർ സിസ്റ്ററി’ന്റെ ടൈറ്റിൽ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. ഷൂട്ടിങ് സെറ്റിലെ രസകരമായ ഒരു സന്ദർഭത്തെ ആസ്പദമാക്കി, ഒരു സിനിമയ്ക്കുള്ളിലെ സിനിമ എന്ന ശൈലിയിലാണ് ഈ പ്രൊമോ വീഡിയോ ഒരുക്കിയിരിക്കുന്നത്. പ്രഭു ജയറാം രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം, പാഷൻ സ്റ്റുഡിയോസ്, ഗോൾഡ്‌മൈൻസ് എന്നീ ബാനറുകളിൽ സുധൻ സുന്ദരം, മനീഷ് ഷാ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ‘യെന്നങ്ക സർ ഉങ്ക സത്തം’ എന്ന തന്റെ ആദ്യ ചിത്രത്തിനുശേഷം പുതിയൊരു പ്രമേയവുമായാണ് പ്രഭു ജയറാം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.
പ്രഭു ജയറാമിന്റെ മുൻചിത്രമായ ‘യെന്നങ്ക സർ ഉങ്ക സത്തം’ (2021) മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയിരുന്നു. പുതിയ ചിത്രമായ ‘മൈ ഡിയർ സിസ്റ്ററിൽ’ അരുൾനിതി, മംമ്ത മോഹൻദാസ് എന്നിവർക്കൊപ്പം അരുൺ പാണ്ഡ്യൻ, മീനാക്ഷി ഗോവിന്ദരാജൻ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിവാസ് കെ പ്രസന്നയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. വെട്രിവേൽ മഹേന്ദ്രൻ ഛായാഗ്രഹണവും വെങ്കട്ട് രാജൻ എഡിറ്റിംഗും കൈകാര്യം ചെയ്യുമ്പോൾ, എ. കുമാർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. 2024-ൽ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം ‘മഹാരാജ’യ്ക്ക് ശേഷം മംമ്ത മോഹൻദാസ് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ‘മൈ ഡിയർ സിസ്റ്റർ’. ഈ ചിത്രം 2026-ന്റെ ആദ്യ പകുതിയോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
