SIR 2026-ന്റെ ഭാഗമായി ‘വോട്ടർപട്ടികയുടെ കൃത്യതയും ശുദ്ധീകരണവും’ എന്നനേട്ടം കൈവരിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച തിരുവനന്തപുരം ജില്ലാ കലക്ടർ അനു കുമാരി സംസ്ഥാനത്തെ മികച്ച ജില്ലാ തി രഞ്ഞെടുപ്പ് ഓഫീസർ.
എച്ച്.ആർ (HR), ബി.എൽ.ഒ (BLO) മാനേജ്മെന്റ് എന്നിവയിൽ പുലർത്തിയ മികവിനാണ് പുരസ്കാരം.
മികച്ച ബൂത്ത് ലെവൽ ഓഫീസർമാരായി സിന്ധു (ആറ്റിങ്ങൽ നിയോജക മണ്ഡലം),എസ്. രാജീവ് (കോവളം നിയോജക മണ്ഡലം). എന്നിവരെയും തിരഞ്ഞെടുത്തു.
പതിനാറാമത് ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്കാരങ്ങൾ വിതരണം ചെയ്തു..
വിവിധവിഭാഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ച മറ്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരെയും ചടങ്ങിൽ ആദരിച്ചു.
പുഷ്പ്പത്തൂർ വിനോദ് കുമാർ (കൽപ്പറ്റ), ബിനു ചന്ദ്രൻ (കായംകുളം), ഡെറ്റി പി.വി (അങ്കമാലി), രാജേഷ് കെ (കുന്ദമംഗലം) എന്നിവരാണ് മറ്റ് മികച്ച ബി എൽ ഓ മാർ.
‘എന്റെ ഇന്ത്യ, എന്റെ വോട്ട്’ എന്നതാണ് ഈ വർഷത്തെ സമ്മതിദായക ദിനാഘോഷത്തിന്റെ സന്ദേശം.
മികച്ച ഇലക്ഷൻ ലിറ്ററസി ക്ലബ്ബുകൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം (ഒരു ലക്ഷം രൂപ) ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജ്, അഗളി, അട്ടപ്പാടി, രണ്ടാം സ്ഥാനം (50,000 രൂപ) സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്, മൂന്നാം സ്ഥാനം (25,000 രൂപ) രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ. ആർട്സ് & സയൻസ് കോളേജ്, അട്ടപ്പാടി എന്നിവ സ്വന്തമാക്കി.
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, കോളേജുകളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ (ELC), അധ്യാപക കോർഡിനേറ്റർമാർ, വിദ്യാർത്ഥി വളന്റിയർമാർ, ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം (DCIP) അംഗങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്നു ജില്ലാ കലക്ടർ പറഞ്ഞു.
സ്വീപ് ഐക്കണുകളായ മജീഷ്യൻ ഗോപിനാഥ് മുതുകാട്, നാഗര ഉന്നതി ഊരുമൂപ്പൻ സോമൻ കാണി, പദ്ധതിയുടെ സ്പോൺസർമാർ തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.
വെർച്വൽ റിയാലിറ്റി പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനവും കോഫീ ടേബിൾ ബുക്ക് പ്രകാശനവും ഗവർണർ നിർവഹിച്ചു.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു.
