Home » Top News » Kerala » അത്രയും പേടിപ്പെടുത്തുന്ന ഒരു അനുഭവം നൽകിയതിന് മാപ്പ്; സിനിമയിൽ അഭിനയിച്ച പെൺകുട്ടിയോട് 36 വർഷങ്ങൾക്ക് ശേഷം ക്ഷമ ചോദിച്ച് രാം ഗോപാൽ വർമ്മ
Screenshot_20251113_101415

ഇന്ത്യൻ സിനിമയ്ക്ക് നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാം ഗോപാൽ വർമ്മ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു ശിവ. സിനിമയിൽ അന്ന് അഭിനയിച്ച കൊച്ചു കുട്ടിയോട് 36 വർഷങ്ങൾക്ക് ശേഷം ക്ഷമ ചോദിച്ചിരിക്കുകയാണ് സംവിധായകൻ രാംഗോപാൽ വർമ്മ. ചിത്രത്തിലെ പ്രധാനപ്പെട്ട സൈക്കിൾ ചേസ് രംഗത്തിലെ ഫൈറ്റിനിടെ അപകടകരമായ ഷോട്ടുകൾക്ക് വിധേയമാക്കിയതിനാണ് രാംഗോപാൽ വർമ്മ പെൺകുട്ടിയോട് ക്ഷമ ചോദിച്ചത്. എക്‌സിൽ പോസ്റ്റ് പങ്കുവെച്ചാണ് ക്ഷമാപണം നടത്തിയത്.

സിനിമയിൽ അഭിനയിച്ച കുഞ്ഞു കുട്ടി വലുതായ ചിത്രം പങ്കുവെച്ച് കൊണ്ടാണ് രാം ഗോപാൽ വർമ്മ ആദ്യം പോസ്റ്റ് ഇട്ടത്. ‘ശിവയിലെ ഐക്കണിക് സൈക്കിൾ ചേസ് രംഗത്തിലുള്ള പെൺകുട്ടി സുഷമയാണ്, അവിടെ നാഗാർജുന ടെൻഷനിൽ സൈക്കിൾ ചവിട്ടുമ്പോൾ അവൾ ഭയന്നിരിക്കുകയായിരുന്നു. സുഷമ ഇപ്പോൾ യുഎസ്എയിൽ എഐ, കൊഗ്‌നി‌റ്റീവ് സയൻസ് എന്നിവയിൽ ഗവേഷണം നടത്തുകയാണ്.’ എന്നാണ് രാം ഗോപാൽ വർ കുറിച്ചത്.

ഉടനടി പോസ്റ്റിന് മറുപടിമായി സുഷമ എത്തി. ‘നന്ദി സർ! ശിവ എന്ന ചിത്രത്തിന്റെ ഭാഗമായി ഓർമ്മിക്കപ്പെടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കുട്ടിക്കാലത്തെ ആ അനുഭവം മറക്കാനാവാത്തതായിരുന്നു, ഇത്രയും ഐക്കോണിക് ആയ ഒരു ചിത്രത്തിന് സംഭാവന നൽകാൻ കഴിഞ്ഞത് ഭാഗ്യമാണ്’ എന്ന് സുഷമ പറഞ്ഞു. തുടർന്നാണ് സുഷമയോട് സംവിധായകൻ ക്ഷമ ചോദിക്കുന്നത്. ‘ അത്രയും പേടിപ്പെടുത്തുന്ന ഒരു അനുഭവം നൽകിയതിന് വർഷങ്ങൾക്ക് ശേഷം ഞാൻ ക്ഷമ ചോദിക്കുന്നു. അന്ന് അതെനിക്ക് മനസിലായില്ല. ഒരു കൊച്ചു പെൺകുട്ടിയെ അപകടകരമായ ഷോട്ടുകൾക്ക് വിധേയയാക്കിയതിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു’ എന്ന് രാം ഗോപാൽ വർമ്മ കുറിച്ചു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *