കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അടുത്ത ബജറ്റ് പ്രഖ്യാപനത്തിനായി രാജ്യം കാതോർക്കുമ്പോൾ, കസ്റ്റംസ് തീരുവയിൽ (ഇറക്കുമതി നികുതി) വലിയ പരിഷ്കാരങ്ങൾ പ്രതീക്ഷിക്കാം. മിഡിൽ-ക്ലാസ് കുടുംബങ്ങൾക്ക് ആദായ നികുതിയിൽ വൻ ആശ്വാസം നൽകിയ കഴിഞ്ഞ ബജറ്റിന് ശേഷം, ജിഎസ്ടി കൗൺസിലിന്റെ ‘ജിഎസ്ടി 2.0’ ആനുകൂല്യവും നടപ്പിലാക്കിയത് പൊതുജനങ്ങൾക്കും വിപണിക്കും ‘ബംപർ’ നേട്ടമായിരുന്നു. 2026 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ മറ്റൊരു വമ്പൻ പ്രഖ്യാപനത്തിനാണ് ധനമന്ത്രി സൂചന നൽകിയിരിക്കുന്നത്.
കസ്റ്റംസ് തീരുവ പരിഷ്കരണം ലക്ഷ്യം
ആദായനികുതി ഇളവുകളും ജിഎസ്ടി ഇളവുകളും പോലെ വൻ നികുതി ആനുകൂല്യങ്ങൾ നൽകിയ ഒരു വർഷം ഇന്ത്യയുടെ ചരിത്രത്തിൽ മുൻപ് ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. അടുത്ത ഘട്ട സാമ്പത്തിക പരിഷ്കാരമെന്നോണം കസ്റ്റംസ് നികുതി ചട്ടങ്ങൾ ആകർഷകമാക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ധനമന്ത്രി സൂചന നൽകി.
ലളിതമാക്കും: ആദായനികുതിയും ജിഎസ്ടിയും പോലെ കസ്റ്റംസ് നികുതിയും കൂടുതൽ ലളിതവും സുതാര്യവുമാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
നികുതി കുറയും: കഴിഞ്ഞ 2 വർഷത്തിനിടെ നിരവധി ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് നികുതി കുറച്ചിരുന്നു. ഇനിയും കുറയാനുണ്ടെന്ന് വ്യക്തമാക്കിയ ധനമന്ത്രി, അടുത്ത ബജറ്റിൽ ഇതു സംബന്ധിച്ച് നിർണായക പ്രഖ്യാപനങ്ങൾ നടത്താൻ സാധ്യതയുണ്ട്.
വാഹന ഇറക്കുമതി: വാഹന ഇറക്കുമതിക്ക് ഇന്ത്യ കനത്ത നികുതി ഈടാക്കുന്നതിനെക്കുറിച്ച് പല കമ്പനികൾക്കും പരിഭവമുണ്ട്. ഈ മേഖലയിലുൾപ്പെടെ കേന്ദ്രം ഇളവുകൾ നൽകുമോ എന്ന ആകാംഷയിലാണ് വ്യവസായ ലോകം.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു: ഓഹരി വിപണിയിൽ ആവേശം
നടപ്പുവർഷം ഇന്ത്യ 7 ശതമാനത്തിൽ കുറയാത്ത ജിഡിപി വളർച്ച കൈവരിക്കുമെന്നും നിർമല സീതാരാമൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓഹരി വിപണിക്ക് നേട്ടത്തിന്റെ പാതയിലൂടെയുള്ള യാത്ര തുടരാൻ ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ട്.
റഷ്യ-ഇന്ത്യ സഹകരണം: ഇന്ത്യയും റഷ്യയും തമ്മിലുള്ള വാണിജ്യ സഹകരണം ആയുധങ്ങളിലും ക്രൂഡ് ഓയിലിലും നിന്ന് മറ്റ് വാണിജ്യ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഡീൽ ഉറപ്പിച്ചതിന് പിന്നാലെ, നിലവിലെ 6,870 കോടി ഡോളറിൽ നിന്ന് വാണിജ്യ ഇടപാടുകൾ 10,000 കോടിയിലേക്ക് ഉയർത്താനാണ് ലക്ഷ്യം. ഇത് പ്രതിരോധരംഗത്തെ കമ്പനികൾക്ക് ഊർജമാകും.
പലിശ നിരക്ക് കുറച്ചു: റിസർവ് ബാങ്ക് റീപോ നിരക്ക് അപ്രതീക്ഷിതമായി കാൽ ശതമാനം കുറച്ചത് ധനകാര്യം, എഫ്എംസിജി, വാഹനം ഉൾപ്പെടെയുള്ള മേഖലകളിലെ ഓഹരികൾക്ക് ആവേശമായി. റിസർവ് ബാങ്കും ഫിച്ച് ഉൾപ്പെടെയുള്ള ഏജൻസികളും ഇന്ത്യയുടെ വളർച്ചാ അനുമാനം കൂട്ടിയതും കഴിഞ്ഞ പാദത്തിൽ ഇന്ത്യ നേടിയ 8.2% വളർച്ചയും കരുത്തായി.
അമേരിക്കൻ പലിശ കുറയും: യുഎസിൽ തൊഴിൽ വിപണി തളരുന്ന സൂചനകൾ വന്നതോടെ, അമേരിക്കയിൽ പലിശഭാരം കുറയാനുള്ള സാധ്യത ശക്തമായി. ഡിസംബർ 10ന് അമേരിക്കൻ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് പണനയം പ്രഖ്യാപിക്കുമ്പോൾ പലിശനിരക്ക് കാൽശതമാനം കുറച്ചേക്കും. ഇത് ഇന്ത്യൻ വിപണിക്ക് ഗുണം ചെയ്യും.
വിപണി മുന്നേറ്റം: പലിശഭാരം കുറച്ചതിൻ്റെ കരുത്തിൽ സെൻസെക്സ് 447.05 പോയിന്റ് (+0.52%) ഉയർന്ന് 85,712ലും നിഫ്റ്റി 152.70 പോയിന്റ് (+0.59%) നേട്ടവുമായി 26,186.45ലുമാണ് കഴിഞ്ഞ സെഷനിൽ വ്യാപാരം പൂർത്തിയാക്കിയത്.
ഓർമ്മപ്പെടുത്തൽ: ആദായനികുതി അടയ്ക്കുന്നവരിൽ 80 ശതമാനവും പുതിയ സ്കീമിലായിരിക്കെ, പഴയ നികുതി സ്കീം നിർമ്മലാ സീതാരാമൻ അടുത്ത ബജറ്റിൽ നിർത്തലാക്കുമോ എന്ന ആകാംഷയും നിലനിൽക്കുന്നുണ്ട്.
