കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിഴിഞ്ഞം നെട്ടത്താണിയിലെ കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) അംഗീകാരം. ഈ സർട്ടിഫിക്കേഷൻ ലഭിക്കുന്ന സംസ്ഥാനത്തെ അഞ്ചാമത്തെയും തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെയും സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി.
ഐഎസ്/ഐഎസ്‌ഒ 9001:2015 ഗുണനിലവാര മാനേജ്മെന്‍റ് സംവിധാനവും റെഡി മിക്‌സഡ് കോൺക്രീറ്റിനുള്ള പ്രത്യേക ഇന്ത്യൻ സ്റ്റാൻഡേർഡായ ഐഎസ് 4926:2003-ഉം പാലിക്കുന്നതിനുള്ള ഇരട്ട സർട്ടിഫിക്കേഷനാണു ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ചത്.
അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച കർശനമാനദണ്ഡങ്ങളാണു പ്ലാന്‍റിനുള്ളതെന്ന് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നു. റെഡി മിക്‌സ്‌ഡ് കോൺക്രീറ്റ് നിർമ്മാണ പ്രക്രിയക്കുള്ള ഈ സുപ്രധാന ലൈസൻസ് ഈ പ്ലാന്‍റിന്‍റെ ഉയർന്ന ഗുണനിലവാരവും മാനദണ്ഡങ്ങളും ഭാവിയിലും ഉറപ്പാക്കും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ആക്റ്റ് 2016 പ്രകാരമുള്ള ഈ ലൈസൻസ് അനുവദിച്ചതിനെ തുടർന്ന് ഗുണനിലവാര മാനേജ്മെന്റ് സിസ്റ്റംസ് ലൈസൻസികളുടെ ബിഐഎസ് രജിസ്റ്ററിൽ ഊരാളുങ്കൽ സൊസൈറ്റിയെ ഉൾപ്പെടുത്തും.
