കൊച്ചി: ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ്, സാംസങ്യുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഡിസംബര്‍ 1 മുതല്‍ യാത്രക്കാര്‍ക്ക് ഗാലക്സി സ്മാര്‍ട്ട്ടാഗ് ഉപയോഗിച്ച് അവരുടെ ബാഗേജ് ‘സ്മാര്‍ട്ട് തിങ്സ് ഫൈന്‍ഡ്’ വഴി എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും. ഇതിലൂടെ തെറ്റിപ്പോയതോ വൈകിയതോ ആയ ബാഗുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ കഴിയും.
ഈ സഹകരണത്തോടെ യാത്രക്കാരുടെ ബാഗേജ് ട്രാക്കിംഗില്‍ സ്മാര്‍ട്ട് തിങ്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ എയര്‍ലൈന്‍ എന്ന നിലയിലേക്ക് ടര്‍ക്കിഷ് എയര്‍ലൈന്‍സ് മാറി. സ്മാര്‍ട്ട് തിങ്സ് ആപ്പില്‍ യാത്രക്കാര്‍ക്ക് അവരുടെ ബാഗിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യാനും അതിലൂടെ തിരിച്ചറിയല്‍ കൂടുതല്‍ എളുപ്പമാക്കാനുമാകും. ഭാവിയില്‍ മറ്റു യാത്രാസൗകര്യങ്ങള്‍ക്കും ഈ ലൊക്കേഷന്‍ അടിസ്ഥാന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ എയര്‍ലൈന്‍സ് ലക്ഷ്യമിടുന്നു.
സാങ്കേതിക നവീകരണം വഴിയുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുന്നതില്‍ കമ്പനി മുന്നിലെത്തുകയാണെന്നും സാംസങ് സാങ്കേതികതയുമായി ചേര്‍ന്നുള്ള ഈ സംരംഭം യാത്രക്കാരുടെ സൗകര്യത്തിനാണെന്നും ടര്‍ക്കിഷ് എയര്‍ലൈന്‍സ് ഐടി ചീഫ് കെറെം കിസില്ടുന്ച് പറഞ്ഞു.
‘സ്മാര്‍ട്ട് തിങ്സ് ഫൈന്‍ഡ്’ അനുഭവം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് ശ്രമമെന്നും, ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള സഹകരണം യാത്രാനുഭവം കൂടുതല്‍ സുഗമമാക്കുമെന്നും സാംസങ് സ്മാര്‍ട് തിങ്സ് വിഭാഗം വൈസ് പ്രസിഡന്റ് ജേയോണ് ജങ് പറഞ്ഞു.
