മൂന്ന് റോഡുകൾ സംഗമിക്കുന്ന മഞ്ഞപ്ര പി ആൻറ് പി കവലയിൽ മാലിന്യ കൂമ്പാരം.മാസങ്ങളായി ഇവിടെ മാലിന്യങ്ങൾ ചാക്ക്കളിലും ചെറു സഞ്ചികളിലുമായി കൂട്ടിയിട്ടിരിക്കുന്നത്. നിരവധി തവണ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നാളിത് വരെ ഇത് നീക്കം ചെയ്യാൻ തയ്യാറായിട്ടില്ല. പുല്ല് വളർന്ന് പിടിച്ച് കിടക്കുന്നത് മൂലം ഇഴജന്തുക്കളുടെ ശല്യവും വ്യാപകമാണ്. കഴിഞ്ഞ ദിവസം ഉഗ്ര
വിഷമുള്ള പാമ്പ് ഈ മാലിന്യ കൂമ്പാരത്തിൽ നിന്ന് റോഡിലേക്ക് വന്നത് ജനങ്ങളെ ഏറെ ആശങ്കയിലാക്കി.
ചന്ദ്രപ്പുര ഭാഗത്ത് നിന്ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി, പൂത്തൂർപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് അനേകം പേർ
കാൽനടയായും വാഹനത്തിലുമായി പോകുന്ന പ്രധാന വഴിയിലാണ് ഈ മാലിന്യകൂമ്പാരം.
അയ്യമ്പുഴ, വടക്കുംഭാഗം എന്നി പ്രദേശങ്ങളിൽ നിന്ന് പി ആൻറ് പി വഴി എളുപ്പം മാർഗം അങ്കമാലിക്ക് പോകുന്ന യാത്രക്കാരും ഇത് വഴിയാണ് ഏറെ പേരും കടന്ന് പോകുന്നത്.
മാലിന്യങ്ങൾ കുമിഞ്ഞ് കൂടി കിടക്കുന്നത് ഇവിടെ നിന്ന് നീക്കം ചെയ്തു ജനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന് കോൺഗ്രസ് (ഐ) ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.
