സമാനതകളില്ലാത്ത വികസന മുന്നേറ്റം നടക്കുന്ന മണ്ഡലമാണ് ചെങ്ങന്നൂരെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ
ചെറിയനാട്, പുലിയൂർ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പാറമേൽ പടി – ഇലഞ്ഞിമേൽ റോഡിൻ്റെ നിർമ്മാണോദ്ഘാടനം പാറമേൽ പടി ജങ്ഷനിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പഞ്ചായത്തിനും ഒരു കളിക്കളം എന്ന സർക്കാരിന്റെ ആശയം ഭാവിയിൽ ഓരോ പഞ്ചായത്തിലും രണ്ടുമൂന്നും കളിക്കളം എന്ന രീതിയിലേക്ക് എത്താൻ സാധിക്കും വിധമുള്ള പ്രവർത്തനങ്ങളാണ് സർക്കാർ കാഴ്ചവെയ്ക്കുന്നത്. ചെങ്ങന്നൂർ അന്താരാഷ്ട്ര സ്റ്റേഡിയം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. മാലിന്യം നിറഞ്ഞു കിടന്ന ഒരു പ്രദേശത്തെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഒരു കായിക സ്റ്റേഡിയമാക്കി മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഒരു കുടക്കീഴിൽ എല്ലാ കായിക മത്സരങ്ങളും നടത്താൻ സാധിക്കും എന്നതാണ് ഈ സ്റ്റേഡിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും കേരളത്തിൽ ഇങ്ങനെയൊന്ന് ആദ്യമാണെന്നും സ്റ്റേഡിയത്തിന്റെ ആദ്യഭാഗത്തിന്റെ ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പതിമൂന്നര കോടി രൂപ ചെലവിൽ കുതിരവട്ടം ചിറയിൽ അതിമനോഹരമായ ടൂറിസം ഡെസ്റ്റിനേഷന്റെ പണി പുരോഗമിക്കുകയാണ്. പുതിയ ജില്ലാ ആയുർവേദ ആശുപത്രി ഉദ്ഘാടനം ഉടൻ ഉണ്ടാകും. കേരളത്തിലെ മികച്ച കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണവും ഉടൻ ആരംഭിക്കും. 13 വില്ലേജ് ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്ന ആദ്യത്തെ മണ്ഡലവും ചെങ്ങന്നൂരാണ്. ചെങ്ങന്നൂർ ബൈപ്പാസ് ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിലാണ്. ഇതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇങ്ങനെ കക്ഷിരാഷ്ട്രീയഭേദമന്യ ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള വികസനമാണ് ചെങ്ങന്നൂരിൽ കഴിഞ്ഞ 10 വർഷക്കാലമായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വഴി രണ്ടു കോടി പത്തു ലക്ഷം ചെലവഴിച്ചാണ് ചെറിയനാട് പുലിയൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്നു പോകുന്ന പാറമേൽപടി – ഇലഞ്ഞിമേൽ റോഡ് നിർമ്മിക്കുന്നത്. 1960 മീറ്റർ നീളത്തിലുള്ള ബിഎം ബിസി നിലവാരത്തിലുള്ള റോഡ്, സൈഡ് കോൺക്രീറ്റ് എന്നീ പ്രവൃത്തികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരിപാടിയിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി അധ്യക്ഷയായി. ചെറിയനാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാരി മധു, പുലിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി രതി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജി വിവേക്, ജില്ലാ പഞ്ചായത്തംഗം അഡ്വ. നിതിൻ ചെറിയാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഷീദ് മുഹമ്മദ്, മിഥുൻ മയൂരം, പഞ്ചായത്തംഗങ്ങളായ ജിഷ്ണ കെ നായർ, സ്മിത റെജി, കെ പി പ്രദീപ്, ടി ടി ഷൈലജ, വിനീത കുമാരി, ചെറിയനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി ഉണ്ണികൃഷ്ണൻ നായർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ ദിൽഷാദ്, പുലിയൂർ പഞ്ചായത്ത് സെക്രട്ടറി കെ സന്തോഷ് കുമാർ, ചെറിയനാട് പഞ്ചായത്ത് സെക്രട്ടറി എസ് ബിന്ദു, കെ പി മനോജ് മോഹൻ, കെ ഉണ്ണികൃഷ്ണൻ, അനീഷ് മാമ്പ്ര, പി ജി രാജപ്പൻ, ദിലീപ് ചെറിയനാട്, അനീഷ് കുമാർ, സജീവ് വെട്ടിക്കാട്, പ്രദീപ് മുട്ടാറ്റ് തുടങ്ങിയവർ പങ്കെടുത്തു.
